Quantcast

പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം പുറത്തായി; യോഗിയുടെ സോഷ്യൽ മീഡിയ സംഘത്തിൽ ഭിന്നത

ശബ്ദരേഖ വൈറലായതിനു പിറകെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ സോഷ്യൽ മീഡിയ വിഭാഗം തലവൻ മൻമോഹൻ സിങ് രാജിവയ്ക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-06-03 14:31:24.0

Published:

3 Jun 2021 2:28 PM GMT

പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം പുറത്തായി; യോഗിയുടെ സോഷ്യൽ മീഡിയ സംഘത്തിൽ ഭിന്നത
X

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലമായി ട്വീറ്റ് ചെയ്യുന്നതിനു നൽകുന്ന പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിറകെ യോഗിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവൻ മൻമോഹൻ സിങ് രാജിവയ്ക്കുകയും ചെയ്തു. യോഗിയുടെ സോഷ്യൽ മീഡിയ പടയിൽ രൂക്ഷമാകുന്ന അഭിപ്രായ ഭിന്നതകളിലേക്കാണ് പുതിയ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത്.

മുൻ ഐഎഎസ് ഓഫീസർ സൂര്യ പ്രതാപ് സിങ് ആണ് പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. യോഗിയുടെ സോഷ്യൽ മീഡിയ സംഘത്തിലെ രണ്ട് ജീവനക്കാർ തമ്മിലുള്ള സംസാരത്തിന്റെ ശബ്ദരേഖയാണിത്. യോഗിക്ക് അനുകൂലമായി പങ്കുവയ്ക്കുന്ന ഓരോ ട്വീറ്റിനും രണ്ടു രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം.

ശബ്ദരേഖ വൈറലായതിനു തൊട്ടുപിറകെയാണ് മൻമോഹൻ സിങ് രാജിവയ്ക്കുന്നത്. പുറത്തുവന്ന ശബ്ദരേഖ യുപി ഭരണകൂടത്തിനു വൻമാനക്കേടായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മർദത്തെ തുടർന്നാണ് രാജിയെന്നാണ് യോഗിയുടെ സോഷ്യൽ മീഡിയ സംഘത്തിലെ ചിലർ ദേശീയ മാധ്യമമായ 'ദ വയറി'നോട് വെളിപ്പെടുത്തിയത്. എന്നാൽ, സോഷ്യൽ മീഡിയ സംഘത്തിന്റെ പ്രവർത്തനരീതിയിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നെന്നും ഇതേതുടർന്നാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്നും മൻമോഹൻ സിങ് പ്രതികരിച്ചു. 2019ലാണ് മൻമോഹൻ യോഗിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.

അതേസമയം, സോഷ്യൽ മീഡിയ സംഘത്തിൽ പല വിഷയങ്ങളിലും കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇക്കാര്യം സംഘത്തിൽ ഉൾപ്പെട്ട ചിലർ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. മാനസിക പീഡനം ആരോപിച്ച് ഒരു ജീവനക്കാരൻ എഴുതിയ ആത്മഹത്യാ കുറിപ്പ് അടുത്തിടെ ചർച്ചയായിരുന്നു. ഇതിനു പുറമെ വേറെയും ജീവനക്കാർ രാജിഭീഷണി മുഴക്കിയിരുന്നു. സോഷ്യൽ മീഡിയ സംഘത്തിലെ പ്രമുഖനായിരുന്ന പാർത്ഥ ശ്രീവാസ്തവ കഴിഞ്ഞ മാസം 19ന് ആത്മഹത്യ ചെയ്യുന്ന സംഭവവുമുണ്ടായി. പാർത്ഥയുടെ ആത്മഹത്യ കുറിപ്പിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരായ മാനസിക പീഡനം ആരോപണമുണ്ടായിരുന്നു.

അതിനിടെ, യോഗിയെ വെളുപ്പിക്കാൻ വേണ്ടി സർക്കാർ ഖജനാവിൽനിന്ന് എത്ര പണം ചെലവാക്കിയെന്നു വ്യക്തമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ദരിദ്ര ജനങ്ങൾക്ക് വിശപ്പടക്കാൻ പോലും വകയില്ലാത്ത സമയത്ത് പൗരന്മാരുടെ പണം ഇതിനായി ഉപയോഗിക്കുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സൂര്യ പ്രതാപ് സിങ് ട്വിറ്ററിൽ ആവശ്യപ്പെട്ടു.

TAGS :

Next Story