ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് കുറ്റമല്ല; കശ്മീര്‍ തുറന്ന തടവറയായി മാറിയെന്ന് മെഹ്ബൂബ മുഫ്തി
താഴ്‌വരയിലെ ജനങ്ങളുടെ ചിന്തകളടക്കം നിരീക്ഷണങ്ങൾക്ക് വിധേയമാക്കി ശിക്ഷിക്കുകയാണ്.
ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെ വിമർശിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. താഴ്‌വരയിലെ ജനങ്ങളുടെ ചിന്തകളടക്കം നിരീക്ഷണങ്ങൾക്ക് വിധേയമാക്കി ശിക്ഷിക്കുകയാണെന്നും കശ്മീർ തുറന്ന തടവറയായി മാറിയിരിക്കുകയാണെന്നും മെഹ്ബൂബ വിമര്‍ശിച്ചു.
"ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ അതിക്രമങ്ങളിൽ ലോകം മൊത്തം പ്രതിഷേധിക്കുന്നു. എന്നാൽ കശ്മീരിൽ ഇത് ശിക്ഷാർഹമായ കുറ്റമാണ്. ഇവിടെ ഒരു കലാകാരനെതിരെ പൊതു സുരക്ഷ നിയമം ചുമത്തി കേസെടുക്കുകയും ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മതപ്രബോധകനെ അറസ്റ്റു ചെയ്യുകയും ചെയ്യുന്നു," മെഹ്ബൂബ ട്വീറ്റ് ചെയ്തു.
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടി നടത്തിയതിന് നിരവധിപേരെയാണ് കശ്മീരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രശസ്ത ചിത്രകാരന്‍ മുദസിർ ഗുലും ഉള്‍പ്പെടുന്നു. ശ്രീനഗറില്‍ ഒരു ഫലസ്തീന്‍ അനുകൂല ചിത്രം വരയ്ക്കുന്നതിനിടയിലാണ് മുദസിര്‍ ഗുല്‍ അറസ്റ്റിലായത്.
പെരുന്നാൾ പ്രഭാഷണത്തിനിടെ ഫലസ്തീൻ ജനതക്കുവേണ്ടി പ്രാർഥിക്കുകയും അവരുടെ പോരാട്ടത്തിന് ഐക്യപ്പെടുകയും ചെയ്ത മതപ്രബോധകനായ സർജൻ ബർകതിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറു മിനിറ്റ് നീണ്ട പ്രസംഗത്തിൽ ബർകതി ഫലസ്തീനിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരിക്കുകയും അവരുടെ ധൈര്യത്തെ പ്രശംസിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെഹ്ബൂബയുടെ പ്രതികരണം.
അതേസമയം, ഫലസ്തീന് അനുകൂലമായ ധാരാളം പോസ്റ്റുകൾ കശ്മീരിലെ ജനങ്ങള്‍ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇതിനെതിരെയും പൊലീസ് രംഗത്തു വന്നിട്ടുണ്ട്. ഫലസ്തീനിലെ പോരാട്ടം ചൂണ്ടിക്കാട്ടി കശ്മീരിലെ സമാധാനം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്നും കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.
Adjust Story Font
16