കോവിഡ് മരുന്ന് പൂഴ്ത്തിവച്ച സംഭവം: ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാർ
കോവിഡ് രോഗികൾക്കു നൽകുന്ന ഫാബിഫ്‌ളു മരുന്ന് വലിയ തോതിൽ ശേഖരിച്ചു പൂഴ്ത്തിവച്ച സംഭവത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഡിസിജിഐ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു
കോവിഡ് മരുന്ന് പൂഴ്ത്തിവച്ച സംഭവത്തിൽ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ പേരിലുള്ള ഫൗണ്ടേഷൻ കുറ്റക്കാരെന്ന് കണ്ടെത്തി. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൗതം ഗംഭീർ ഫൗണ്ടേഷനെതിരായ ആരോപണം ശരിവച്ചത്. ഡൽഹി ഹൈക്കോടതിക്കു മുൻപാകെയാണ് ഡിസിജിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് രോഗികൾക്കു നൽകുന്ന ഫാബിഫ്‌ളു മരുന്നാണ് ഫൗണ്ടേഷൻ വലിയ തോതിൽ ശേഖരിച്ചു പൂഴ്ത്തിവച്ചത്. സംഭവത്തിൽ നേരത്തെ ഡിസിജിഐ ഗംഭീർ ഫൗണ്ടേഷന് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതിൽ ഡിസിജിഐയെ കടുത്ത സ്വരത്തിൽ ശാസിച്ച കോടതി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പുതിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
മരുന്നു പൂഴ്ത്തിവച്ചതിനെതിരെ ഫൗണ്ടേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒട്ടും അമാന്തമുണ്ടാകരുതെന്നും റിപ്പോർട്ടിൽ പറയുന്നു. മരുന്നു വിതരണക്കാർക്കും ഇതിൽ പങ്കുണ്ടെന്നും അവർക്കെതിരെയും നടപടി വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ആളുകൾ മരുന്നിന് ക്ഷാമം നേരിടുമ്പോൾ ഇത്തരത്തിൽ ശേഖരിച്ചുവയ്ക്കുന്നത് വലിയ തെറ്റാണെന്നാണ് കോടതി നിരീക്ഷിച്ചത്.
അതേസമയം, എഎപി എംഎൽഎ പ്രവീൺ കുമാറും സമാനമായ മറ്റൊരു കേസിൽ കുറ്റക്കാരനാണെന്ന് ഡിസിജിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗംഭീർ ഫൗണ്ടേഷൻ ചെയ്ത പോലെ തന്നെ വലിയ തോതിൽ മരുന്ന് വാങ്ങിക്കൂട്ടി ശേഖരിച്ചുവച്ചതാണ് എംഎൽഎക്കെതിരായ കുറ്റം.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി ആറ് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ വാദംകേൾക്കൽ ജൂലൈ 29ലേക്ക് നീട്ടിവച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ കോവിഡ് മരുന്ന് വലിയ തോതിൽ വാങ്ങിക്കൂട്ടി പൂഴ്ത്തിവയ്ക്കുന്നതിനെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ.
Adjust Story Font
16