Quantcast

ജെഎൻയു അക്രമത്തിൽ വിവരങ്ങൾ നൽകാൻ പറ്റില്ലെന്ന് വാട്‌സാപ്പ്; കോടതി ഉത്തരവ് വേണമെന്ന് ഗൂഗിൾ

' യൂണിറ്റി എഗൈനസ്റ്റ് ലെഫ്റ്റ്' , ഫ്രണ്ട്‌സ് ഓഫ് ആർ.എസ്.എസ്' എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോകളും മെസേജുകളും പങ്കുവച്ച ആൾക്കാരുടെ വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    16 Jun 2021 6:00 AM GMT

ജെഎൻയു അക്രമത്തിൽ വിവരങ്ങൾ നൽകാൻ പറ്റില്ലെന്ന് വാട്‌സാപ്പ്; കോടതി ഉത്തരവ് വേണമെന്ന് ഗൂഗിൾ
X

2020 ജനുവരിയിലെ ജെഎൻയു അക്രമത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ നൽകാനായി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നൽകിയ കത്തിന് മറുപടിയുമായി ഗൂഗിൾ. 2 വാട്‌സാപ്പ് ഗ്രൂപ്പുകളിലായി 33 ആൾക്കാരുടെ വിവരങ്ങളാണ് പൊലീസ് വാട്‌സാപ്പിനോടും ഗൂഗിളിനോടും ആവശ്യപ്പെട്ടത്. ഇതിൽ പറഞ്ഞ വ്യക്തികളെ കുറിച്ച് ഗൂഗിളിന്റെ പക്കലുള്ള വിവരങ്ങൾ നൽകാൻ വേണ്ടി കോടതി ഉത്തരവ് വേണമെന്നാണ് ഗൂഗിൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. മ്യൂച്ചൽ ലീഗൽ അസിസ്്റ്റൻസ് ട്രീറ്റി (എം.എൽ.എ.ടി) അനുസരിച്ചുള്ള ഉത്തരവാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വർഷം ജനുവരി അഞ്ചിനാണ് നൂറോളം വരുന്ന മാസ്‌ക് ധരിച്ച ആൾക്കാർ വടികളുമായി കോളജ് ക്യാമ്പസിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. 36 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കേസിൽ 33 പേരുടെ വിവരങ്ങളാണ് ഗൂഗിളിനോടും വാട്‌സാപ്പിനോടും പൊലീസ് ആവശ്യപ്പെട്ടത്. ' യൂണിറ്റി എഗൈനസ്റ്റ് ലെഫ്റ്റ്' , ഫ്രണ്ട്‌സ് ഓഫ് ആർ.എസ്.എസ്' എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോകളും വീഡിയോകളും മെസേജുകളും പങ്കുവച്ച ആൾക്കാരുടെ വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്.

വിവരങ്ങൾ നൽകാൻ പറ്റില്ലെന്ന് വാട്‌സാപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഗൂഗിളിന്റെ നിലപാട് ഇങ്ങനെയാണ്- അമേരിക്കൻ കമ്പനിയായ തങ്ങൾക്ക് ഇത്തരത്തിലുള്ള വിവരങ്ങൾ നൽകാൻ രാജ്യാന്തര തലത്തിലുള്ള നിബന്ധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് ഇത്തരത്തിലൊരു ഉത്തരവ് ഗൂഗിൾ ചോദിക്കുന്നത്.

രാജ്യത്ത് കേന്ദ്ര ഐടി സ്വകാര്യത നയത്തിൽ വിവാദങ്ങൾ നടക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവം കൂടി അരങ്ങേറിയത്.

TAGS :

Next Story