Quantcast

മരുന്നായി ഗോമൂത്രം, പാല്‍, നെയ്യ്: ഗുജറാത്തില്‍ പശുതൊഴുത്തില്‍ കോവിഡ് കേന്ദ്രം

ഏഴ് കോവിഡ് രോഗികള്‍ നിലവില്‍ ഗോശാലയില്‍ ചികിത്സയിലുണ്ട്.

MediaOne Logo

Web Desk

  • Published:

    9 May 2021 10:37 AM GMT

മരുന്നായി ഗോമൂത്രം, പാല്‍, നെയ്യ്:  ഗുജറാത്തില്‍ പശുതൊഴുത്തില്‍ കോവിഡ് കേന്ദ്രം
X

ഗുജറാത്തില്‍ പശുതൊഴുത്ത് കോവിഡ് ചികിത്സാ കേന്ദ്രമാക്കി പരിചരണം. പശുവിന്‍ പാലും, നെയ്യും ഗോമൂത്രവും വരെ കോവിഡ് പ്രതിരോധ മരുന്നായി നല്‍കികൊണ്ടാണ് ഉത്തര ഗുജറാത്തിലെ 'വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍' പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രാജാറാം ഗോശാല ആശ്രമത്തിനു കീഴില്‍ മെയ് അഞ്ച് മുതലാണ് കോവിഡ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏഴ് കോവിഡ് രോഗികള്‍ നിലവില്‍ ഗോശാലയില്‍ ചികിത്സയിലുണ്ട്. പശുവിന്‍ പാല്‍, മൂത്രം, നെയ്യ് എന്നിവയില്‍ നിന്നും ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്.

ചെറിയ കോവിഡ് ലക്ഷണമുള്ളവര്‍ക്ക് എട്ടോളം ആയുര്‍വേദ മരുന്നുകള്‍ ഗോശാലയില്‍ നല്‍കുന്നുണ്ടെന്ന് കോവിഡ് കേന്ദ്ര ട്രസ്റ്റി അംഗം മോഹന്‍ ജാദവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികള്‍ക്കായി പഞ്ജഗവ്യ ആയുര്‍വേദ തെറാപ്പിക്ക് പുറമെ, ഗോമൂത്രത്തില്‍ നിന്നുള്ള 'ഗോ തീര്‍ഥ'വും ചികിത്സയുടെ ഭാഗമായി നല്‍കുന്നുണ്ട്. രോഗപ്രതിരോധത്തിനായി പശുവിന്‍ പാല്‍ കൊണ്ടുള്ള ലേഹ്യവും കൊടുക്കുന്നുണ്ട്.

കോവിഡ് ബാധിതര്‍ക്കായി ഐസോലേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഗോശാലയിലെ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഗോമൂത്രം കോവിഡ് പ്രതിരോധത്തിന് ഉപകാരപ്രദമാണെന്ന് നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ നേരത്തെ, കൊല്‍ക്കത്തയില്‍ ഗോമൂത്രം വിതരണം ചെയ്ത് പരിപാടി സംഘടിപ്പിച്ചിരുന്നു. കോവിഡിനെതിരെ ഗോമൂത്രം കുടിക്കാനാവശ്യപ്പട്ടുള്ള ബൈരിയയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങിന്റെ വീഡിയോയും വൈറലാവുകയുണ്ടായി. പതിനെട്ട് മണിക്കൂര്‍ ജോലിയെടുക്കുന്ന തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഗോമൂത്രമാണെന്ന് വീഡിയോയില്‍ എം.എല്‍.എ പറഞ്ഞിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്നായിരത്തില്‍പ്പരം പുതിയ കോവിഡ് കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 119 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

TAGS :

Next Story