ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമാക്കി ഹജ്ജ് കമ്മിറ്റി
കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഓ മക്‌സൂദ് അഹമ്മദ് ഖാൻ പറഞ്ഞു
ഇന്ത്യയിൽ നിന്നും ഇത്തവണ ഹജ്ജിനു പോകുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ. കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഓ മക്‌സൂദ് അഹമ്മദ് ഖാൻ പറഞ്ഞു. സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നിർദേശപ്രകാരമാണ് ഈ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഹജ്ജിനു പോകാൻ അപേക്ഷിച്ചവർ ഇപ്പോൾ തന്നെ സ്വന്തം നിലക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാനും രണ്ടാം ഡോസ് യാത്രക്ക് മുൻപായി നൽകാൻ കഴിയുമെന്നും മക്‌സൂദ് അഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച് ഇതുവരെ സൗദി അധികാരികളിൽ നിന്നും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം അവരുടെ അനുമതിക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുമതി ലഭിക്കുകയാണെങ്കിൽ ഇത്തവണത്തെ ഹജ്ജ് വിമാന സർവീസ് ജൂൺ പകുതിയോടെ ആരംഭിക്കുമെന്നും ഖാൻ പറഞ്ഞു. കോവിഡ് പ്രതിസന്ധ രൂക്ഷമായ കഴിഞ്ഞ വർഷം ഇന്ത്യയടക്കം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല.
Adjust Story Font
16