'ഇത്രയും വലിയ ആൾക്കൂട്ടത്തെ കാണുന്നത് ആദ്യമാണ്'; കോവിഡ് വക വയ്ക്കാതെ ബംഗാളിൽ മോദി
രാജ്യത്താകെ 2.34 ലക്ഷം കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസം, അസൻസോളിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
കൊൽക്കത്ത: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കവെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. ഇത്രയും വലിയ ആൾക്കൂട്ടത്തെ ഇതിന് മുമ്പ് ഇവിടെ താൻ കണ്ടിട്ടില്ല എന്നായിരുന്നു മോദിയുടെ വാക്കുകൾ. രാജ്യത്താകെ 2.34 ലക്ഷം കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസം, അസൻസോളിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
'ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ രണ്ടു തവണ ഞാൻ ഇവിടെ വന്നിരുന്നു. അസൻസോൾ എംപി കൂടിയായ ബാബുൽ സുപ്രിയോക്ക് വോട്ടു ചോദിച്ചാണ് കഴിഞ്ഞ തവണ ഞാൻ ഇവിടെയെത്തിയത്. ആദ്യ തവണ ഇവിടെ വന്ന വേളയിൽ ഇതിന്റെ നാലിലൊന്ന് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇന്ന് എല്ലാ ദിശയിലും ഞാൻ വലിയ ആൾക്കൂട്ടം കാണുന്നു...ഇത്തരമൊരു റാലിയിൽ ഇത്ര വലിയ ആൾക്കൂട്ടത്തെ കാണുന്നത് ആദ്യമായാണ്. ഇന്ന് നിങ്ങൾ നിങ്ങളുടെ ശക്തി കാണിച്ചിരിക്കുന്നു. അടുത്ത പടിയാണ് കൂടുതൽ പ്രധാനം. പോയി വോട്ടു ചെയ്യൂ' - പ്രധാനമന്ത്രി പറഞ്ഞു.
എട്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏപ്രിൽ 26നാണ് അസൻസോൾ ബൂത്തിലെത്തുന്നത്.
കോവിഡ് തരംഗത്തിനിടയിലും മോദി റാലി നടത്തുന്നതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു വരികയാണ്. ഈ വേളയിലാണ് ആൾക്കൂട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന.
മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 'ആദ്യമായാണ് ഇത്ര വലിയ അസുഖ ബാധിതരെയും മരണവും കാണുന്നത്' എന്നാണ് രാഹുൽ പ്രതികരിച്ചത്. നേരത്തെ, ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ ബിജെപിയുടെ ക്യാംപയ്‌നറാണോ മോദി എന്ന് കോൺഗ്രസ് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടര മിനിറ്റുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16