Quantcast

'രാജ്യവ്യാപക പ്രതിഷേധം, കോടതിയുടെ താക്കീത്' വാക്സിന്‍ നയത്തില്‍ മോദി മാറ്റം വരുത്തിയതിന് കാരണം ഇതാണ്

വാക്‌സിന്‍ വിതരണത്തിന് ഒരുമിച്ച് നില്‍ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jun 2021 3:20 PM GMT

രാജ്യവ്യാപക പ്രതിഷേധം, കോടതിയുടെ താക്കീത് വാക്സിന്‍ നയത്തില്‍ മോദി മാറ്റം വരുത്തിയതിന് കാരണം ഇതാണ്
X

രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ കത്തെഴുതുകയും സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തതോടെയാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം എത്തിയത്.

വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. വാക്സിന്‍റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.

നേരത്തെ, വാക്സിന്‍ നയം പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇത്തരത്തിലൊരു നയത്തിലേക്ക് എങ്ങനെയെത്തിയെന്ന് തെളിവ് സഹിതം കോടതിയെ അറിയിക്കണമെന്നും ഉത്തരവുണ്ടായിരുന്നു. നിലവിലുള്ള വാക്സിന്‍ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണ് വാക്സിന്‍ നയത്തിലുള്ളത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ല. വാണിജ്യ അടിസ്ഥാനത്തില്‍ വാക്സിന്‍റെ കാര്യത്തില്‍ സമവായത്തിന് സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുകളും കനത്ത പ്രതിഷേധമാണ് കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിനെതിരെ നടത്തിയത്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കി വരികയാണ്. വാക്‌സിന്‍ വിതരണത്തിന് ഒരുമിച്ച് നില്‍ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിന്‍ നയം തിരുത്തണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

TAGS :

Next Story