പ്രാണവായു എത്തിക്കാന്‍ ആശുപത്രിയുടെ ഭിത്തി പൊളിച്ചു; നൂറോളം ജീവന്‍ രക്ഷിച്ചതിങ്ങനെ
ഡല്‍ഹിയില്‍ ആശുപത്രി അധികൃതരുടെ സമയോചിത ഇടപെടല്‍ കാരണം ഒഴിവായത് മറ്റൊരു കൂട്ടമരണം..
ഡല്‍ഹിയില്‍ ജീവശ്വാസത്തിനായുള്ള നിലവിളി ഒടുങ്ങിയിട്ടില്ല. പ്രിയപ്പെട്ടവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ബന്ധുക്കളും രോഗികളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. കൈവശമുള്ള ഓക്സിജന്‍ കാലിയായി തുടങ്ങിയതോടെ 100 രോഗികളുടെ ജീവന്‍ ഇനി എങ്ങനെ പിടിച്ചുനിര്‍ത്തുമെന്ന ആശങ്കയിലായിരുന്നു സരോജ ആശുപത്രി ജീവനക്കാര്‍. ഒടുവില്‍ പ്രാണവായുവുമായി വലിയ ഓക്സിജന്‍ ടാങ്കര്‍ ആശുപത്രിയിലെത്തി. പക്ഷേ അതുകൊണ്ടും തീര്‍ന്നില്ല ആശുപത്രി ജീവനക്കാരുടെ ആശങ്ക. ഓക്സിജന്‍ രോഗികള്‍ക്ക് എത്തിക്കാനായി ആശുപത്രി കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കേണ്ടിവന്നു. ആ സംഭവം ഇങ്ങനെ..
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഓക്സിജന്‍ ടാങ്ക് കാലിയായി തുടങ്ങിതോടെ പരിഭ്രാന്തരായി ആശുപത്രി ജീവനക്കാര്‍ സര്‍ക്കാര്‍ അധികൃതരെയും പൊലീസിനെയും നിര്‍ത്താതെ വിളിച്ചുകൊണ്ടേയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിഭ്രാന്തിക്കൊടുവില്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ ടാങ്കറെത്തി. ഓക്‌സിജനുമായെത്തിയ ടാങ്കര്‍ സാമാന്യത്തിലധികം വലുതായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് എത്തിച്ചേരാന്‍ കഴിയുമായിരുന്നില്ല. ഓക്‌സിജന്‍ ടാങ്കിലേക്ക് നിറക്കാതെ രോഗികള്‍ക്ക് എങ്ങനെ നല്‍കാനാവും? പ്രാണവായു ഇങ്ങെത്തിയിട്ടും രോഗികള്‍ക്ക് നല്‍കാനാവില്ലേ എന്ന ഭീതി. ആശുപത്രിയില്‍ വീണ്ടും നിലവിളിയിലും പ്രാര്‍ഥനയും ആശങ്കയും..
എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നുവെന്ന് സരോജ ആശുപത്രി ഉടമ പങ്കജ് ചൌള പറഞ്ഞു- "ഞങ്ങള്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. അവരെ ആളുപത്രിയില്‍ തന്നെ നിര്‍ത്തി ജീവന്‍ അപകടത്തിലാക്കാന്‍ കഴിയുമായിരുന്നില്ല. 34 പേരെ ഡിസ്ചാര്‍ജ് ചെയ്തു. വെന്‍രിലേറ്ററിലുള്ള രോഗികള്‍ക്കായി സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സംഘടിപ്പിക്കാന്‍ പറ്റുമോ എന്ന് ബന്ധുക്കളോട് അന്വേഷിക്കാന്‍ പറഞ്ഞു. ഗുരുതരാവസ്ഥിലുള്ള പല രോഗികളും ആശുപത്രിയില്‍ തുടരാന്‍ തീരുമാനിച്ചു. കാരണം ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റെവിടെയെങ്കിലും ചികിത്സ കിട്ടുക എന്നതും വളരെ പ്രയാസമായിരുന്നു. അവസാനം ഓക്സിജന്‍ ടാങ്കറെത്തിയിട്ടും പ്രശ്നം തീര്‍ന്നില്ല. ആശുപത്രിയിലേക്ക് ടാങ്കറിന് പ്രവേശിക്കാനാവുന്നില്ല.
അവസാനം ആ തീരുമാനമെടുത്തു. നൂറോളം ജീവനുകളാണ് വലുത്. ടാങ്കര്‍ ആശുപത്രിയിലെ ഓക്സിജന്‍ ടാങ്കിനടുത്ത് എങ്ങനെയും എത്തിക്കണം. ആശുപത്രിയുടെ ഭിത്തി പൊളിക്കുക തന്നെ. പക്ഷെ ഭിത്തി പൊളിക്കുന്നതിന് സമയമെടുക്കും. ടാങ്കറിന് മറ്റൊരാശുപത്രിയില്‍ ഉടന്‍ ഓക്‌സിജനെത്തിക്കണം. ഭിത്തി പൊളിച്ചു കഴിയുമ്പോഴേക്കും ടാങ്കര്‍ തിരികെ എത്തിക്കാമെന്ന് അധികൃതരുടെ ഉറപ്പ്. ടാങ്കര്‍ മടങ്ങിയെത്തുമോ അതിനിടെ രോഗികള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നെല്ലാം പരിഭ്രാന്തി പടര്‍ന്നു. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സങ്കടവും നിരാശയും കാരണം കരയാന്‍ തുടങ്ങി. ആശുപത്രിയിലെ ഒഴിഞ്ഞ ഓക്‌സിജന്‍ സിലിണ്ടറുകളുമായി ജീവനക്കാരും പൊലീസുകാരുമെല്ലാം ഓടി. കുറേ സിലിണ്ടറുകളില്‍ ഓക്സിജന്‍ നിറച്ച് ബസില്‍ എത്തിച്ചു. ആ സിലിണ്ടറുകള്‍ അടുത്ത 40 മിനിറ്റ് നേരത്തേക്ക് രോഗികളുടെ ജീവന്‍ പിടിച്ചുനിര്‍ത്തി".
കോര്‍പറേഷന്‍ മേയറുമായും അഗ്നിരക്ഷാസേനയുമായും ബന്ധപ്പെട്ടു. പിന്നാലെ ജെസിബി എത്തി. ആശുപത്രി കെട്ടിടത്തിന്‍റെ ഭിത്തി പൊളിച്ചു മാറ്റി. ടാങ്കര്‍ തിരിച്ചെത്തി. ആശുപത്രിയിലെ ടാങ്കില്‍ ഓക്‌സിജന്‍ നിറച്ചു. ഇങ്ങനെയൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ മറ്റൊരു കൂട്ടമരണമാകുമായിരുന്നു ഉണ്ടാവുകയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഈ ആശങ്കക്കിടയിലും എല്ലാത്തിനും കൂടെ നിന്ന രോഗികളുടെ ബന്ധുക്കളോട് ആശുപത്രി ഉടമ പങ്കജ് ചൌള നന്ദി പറഞ്ഞു.
Adjust Story Font
16