'ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു, ഈ സര്‍ക്കാരിനെ എതിര്‍ക്കുന്നു': ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് ജാസി ബി
'കഴിഞ്ഞ ആറ് മാസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിക്കുന്നു. സർക്കാർ അവരെ കേള്‍ക്കണം'
മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തെ പിന്തുണച്ചതോടെ സര്‍ക്കാര്‍ തന്നെ ലക്ഷ്യം വെയ്ക്കുകയാണെന്ന് പഞ്ചാബി - കനേഡിയന്‍ ഗായകന്‍ ജാസി ബി. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം തന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചതിനെ കുറിച്ച് ജാസി ബി ഇങ്ങനെ പറഞ്ഞു- "ഇത് ജനാധിപത്യമാണോ? തുറന്നുപറയുന്നതിന്‍റെ പേരില്‍ ആളുകള്‍ നിശബ്ദരാക്കപ്പെടുകയാണ്".
കര്‍ഷക സമരത്തെ തുടക്കം മുതല്‍ പിന്തുണച്ചവരില്‍ ഒരാളാണ് താനെന്ന് ജാസി ബി പറഞ്ഞു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ സസ്പെന്‍ഡ് ചെയ്തെന്ന് ഒരു ആരാധകന്‍ പറഞ്ഞാണ് അറിഞ്ഞത്. തുടര്‍ന്ന് ഇ മെയില്‍ പരിശോധിച്ചപ്പോള്‍ അക്കൌണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ട്വിറ്ററില്‍ നിന്നുള്ള സന്ദേശം കണ്ടു. ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും ജാസി ബി വ്യക്തമാക്കി. അഞ്ചാം വയസ് മുതല്‍ കാനഡയിലാണ് ജാസി ബി താമസം.
താന്‍ രാജ്യത്തിന് എതിരാണെന്ന ആരോപണങ്ങള്‍ ജാസി ബി നിഷേധിച്ചു. 'ഞാന്‍ എന്‍റെ ഇന്ത്യയെ സ്നേഹിക്കുന്നു, അതാണ് എന്റെ രാജ്യം. ഞാനവിടെയാണ് ജനിച്ചത്. ഞാന്‍ ദേശദ്രോഹിയല്ല. ജനങ്ങളെ വഴിതെറ്റിക്കുന്ന സർക്കാരിനെതിരാണ് ഞാന്‍"- ജാസി ബി ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിക്കുന്നു. സർക്കാർ അവരെ കേള്‍ക്കണം. എന്നാല്‍ സര്‍ക്കാര്‍ അവരെ ശ്രദ്ധിക്കുന്നേയില്ലെന്ന് ജാസി ബി വിമര്‍ശിച്ചു.
ജലന്ധറില്‍ ജനിച്ച ജസ്വീന്ദര്‍ സിങ് ബെയ്ന്‍സ് എന്ന ജാസി ബി 1990-2000 കാലഘട്ടത്തിലാണ് ഗായകനെന്ന നിലയില്‍ പ്രശസ്തനായത്. 2004ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'ദിൽ ലുട്ടേയ' എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. അനീതിക്കെതിരെ നിലകൊള്ളാൻ കലാകാരന്മാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജാസി ബി പറഞ്ഞു- "ഞാൻ പാടുന്നു. എന്നെ കുറേ പേര്‍ പിന്തുടരുന്നു. അപ്പോൾ തെറ്റിനും അനീതിക്കുമെതിരെ നിലകൊള്ളേണ്ടത് എന്റെ കടമയാണ്"- ജാസി ബി പറഞ്ഞു.
ട്വിറ്റര്‍ അക്കൗണ്ട് രാജ്യത്തിന് പുറത്തുള്ള ഐ.പി വിലാസത്തിൽ നിന്ന് ഇപ്പോഴും ഉപയോഗിക്കാൻ കഴിയും. നേരത്തെ കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. കിസാൻ ഏക്ത മോർച്ച്, ദി കാരവൻ എന്നിവയുടേതടക്കം 250 ട്വിറ്റർ അക്കൗണ്ടുകൾ കേന്ദ്രത്തിന്‍റെ നിർദേശ പ്രകാരം താത്കാലികമായി സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.
Adjust Story Font
16