ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം
ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അതിക്രമങ്ങളിൽ ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ആശുപത്രികളിലും ഡോക്ടർമാർ പ്രതിഷേധിച്ചു. അതിക്രമങ്ങളിൽ ശക്തമായ നടപടി ഇല്ലെങ്കിൽ ചികിത്സ നിർത്തിവെച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് പി.ടി സക്കറിയാസ് പറഞ്ഞു.
രാജ്യ വ്യാപകമായി ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധവുമായി ഐ.എം.എ രംഗത്ത് എത്തിയത്. ആക്രമണങ്ങൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണം എന്നടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് ഐ.എം.എക്ക് പുറമെ കെ.ജി.എം.ഒ.എയും, കെ.ജി.എം.സി.ടി.എയും സമരത്തിന്‍റെ ഭാഗമായി.
ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖല ആക്കണമെന്ന ആവശ്യവും ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലും, സർക്കാർ ആശുപത്രികൾക്കു മുന്നിലും 9 മണി മുതൽ 12 മണി വരെ നിൽപ്പ് സമരം അടക്കം സംഘടിപ്പിച്ചു. മാവേലിക്കരയിൽ ഡോക്ടർക്കെതിരെ നടന്ന അതിക്രമത്തിൽ പോലീസുകാരനെ തിരെ കർശന നടപടി വേണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് പി.ടി സക്കറിയാസ് ആവശ്യപ്പെട്ടു.
Adjust Story Font
16