മകളുമായി സൗഹൃദം, ദലിത് യുവാക്കളുടെ തലമൊട്ടയടിച്ചു; പിതാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്
യുവാവിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയും തല പാതിമൊട്ടയടിക്കുകയുമായിരുന്നു.
മകളുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ 20കാരനായ യുവാവിന്‍റെയും സുഹൃത്തിന്‍റെയും തലമൊട്ടയടിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവിനും മൂന്നു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസ്.
രാജ്കുമാർ ദേഹരിയ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ രാജ്കുമാറിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി പിതാവ് മർദിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെയും സുഹൃത്തിന്‍റെയും തല പാതിമൊട്ടയടിച്ച് കഴുത്തിൽ ചെരിപ്പ്മാലയിടുകയും ചെയ്തു.
രാജ്കുമാറിന് ഫോൺ ചെയ്യുന്നതിൽ നിന്ന് പെൺകുട്ടിയെ പിതാവ് വിലക്കിയിരുന്നു. തുടർന്ന് രാജ്കുമാര്‍ പെൺകുട്ടിക്ക് മൊബൈൽ വാങ്ങി നൽകി. ഇതറിഞ്ഞതിനു പിന്നാലെയാണ് പിതാവ് രാജ്കുമാറിനെ മര്‍ദിച്ചത്. ഇക്കാര്യം പൊലീസിൽ അറിയിച്ചാൽ വീണ്ടും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രാജ്കുമാറിന്റെ പരാതിയിൽ പറയുന്നു.
Adjust Story Font
16