"ആളുകൾ ഇവിടെ മരിച്ച് വീഴുന്നു" കോവിഡ് റിപ്പോർട്ടിങ്ങിനിടെ വിതുമ്പി മാധ്യമപ്രവർത്തകൻ
മുപ്പതിനായിരത്തിലധികം കോവിഡ് കേസുകളും 129 മരണങ്ങളുമാണ് 24 മണിക്കൂറിനിടെ യു.പിയിൽ റിപ്പോർട്ട് ചെയ്തത്.
കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ റിപ്പോർട്ടിങ്ങിനിടെ വിതുമ്പി മാധ്യമപ്രവർത്തകൻ. ആശുപത്രികൾ രോഗികളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും, ആളുകൾ മരിച്ച് വീഴകയാണെന്നും പറയവേയാണ് ഭാരത് സമാചാർ ചാനൽ റിപ്പോർട്ടർ ക്യാമറക്ക് മുന്നിൽ വിതുമ്പിയത്. മുപ്പതിനായിരത്തിലധികം കോവിഡ് കേസുകളും 129 മരണങ്ങളുമാണ് 24 മണിക്കൂറിനിടെ യു.പിയിൽ റിപ്പോർട്ട് ചെയ്തത്.
Reporter breaks down on camera while reporting on the Covid-19 situation in Uttar Pradesh. pic.twitter.com/m8B9tQtcCS
— Ismat Ara (@IsmatAraa) April 19, 2021
രോഗികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞ അവസ്ഥയാണ്. മുഖ്യമന്ത്രി ഫോൺ ഓഫ് ചെയ്ത് കടന്നു കളഞ്ഞത് പോലെയാണ്. ഉത്തരവാദപ്പെട്ട ആരെയും വിളിച്ചിട്ട് ലഭ്യമല്ല. ഓക്സിജൻ ദൗർലബ്യമുണ്ട്. സാധാരണക്കാർ അവരുടെ ഉറ്റവർ വേദനിക്കുന്നതും മരിച്ച് പോകുന്നതും കണ്ടുകൊണ്ടിരിക്കുകയാണ്... എന്നിങ്ങനെയാണ് റിപ്പോർട്ടർ പറയുന്നത്.
30,596 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ ലക്നൗ, പ്രയാഗ്രാജ്, വരാണസി, കാൺപൂർ എന്നിവിടങ്ങളിലാണ് കോവിഡ് രൂക്ഷമായിരിക്കുന്നത്. കോവിഡ് മരണ നിരക്ക് വർധിച്ചതോടെ പലയിടത്തും ശവ സംസ്‌കാരവും പ്രതിസന്ധിയിലാണ്.
അതിനിടെ, തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് വൈറസ് ബധ സ്ഥിരീകരിച്ചത്. 1619 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ഒന്നരക്കോടിയിലേറെപ്പേരാണ് ചികിത്സയിലുള്ളത്.
Adjust Story Font
16