Quantcast

ജൂഹി ചൗളയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആരാധകന്റെ പാട്ട്; കോടതിയലക്ഷ്യത്തിന് കേസ്

ജൂഹി മാഡം എവിടെ? എനിക്ക് കാണാനാവുന്നില്ലല്ലോ എന്ന് പറഞ്ഞായിരുന്നു ആരാധകന്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    3 Jun 2021 2:04 AM GMT

ജൂഹി ചൗളയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആരാധകന്റെ പാട്ട്; കോടതിയലക്ഷ്യത്തിന് കേസ്
X

5ജി സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടി ആരാധകന്‍. ഓണ്‍ലൈനായി കേസ് പരിഗണിച്ചപ്പോഴാണ് ആരാധകന്‍ തുടര്‍ച്ചയായി ജൂഹി ചൗളയുടെ സിനിമയിലെ പാട്ടുകള്‍ പാടിയത്. സംഭവത്തില്‍ കോടതിയലക്ഷ്യക്കുറ്റം ചുമത്തി കേസെടുക്കാന്‍ ജസ്റ്റിസ് ജെ.ആര്‍ മിധ നിര്‍ദേശിച്ചു.

ജൂഹി മാഡം എവിടെ? എനിക്ക് കാണാനാവുന്നില്ലല്ലോ എന്ന് പറഞ്ഞായിരുന്നു ആരാധകന്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ഇയാളെ മ്യൂട്ട് ചെയ്യാനും കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കാനും ജസ്റ്റിസ് മിധ നിര്‍ദേശിച്ചു. എന്നാല്‍ വീണ്ടും തിരികെ പ്രവേശിച്ച് ഇയാള്‍ പാട്ട് തുടരുകയായിരുന്നു.

1993ല്‍ പുറത്തിറങ്ങിയ 'ഹം ഹെ രഹി പ്യാര്‍ കേ' എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ് സേ എന്ന പാട്ട് പാടി ചിരി ഉയര്‍ത്തിയയാള്‍ പിന്നീട് അയ്‌ന എന്ന സിനിമയിലെ 'മേരീ ബാനോ കി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി' എന്നതുള്‍പ്പെടെയുള്ള പാട്ടുകളും പാടി. ഇയാളെ ആദ്യം ഒഴിവാക്കിയെങ്കിലും മനീഷ കൊയ് രാള, ജാന്‍വി എന്നീ പേരുകളില്‍ വീണ്ടും ലൈനിലെത്തി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.

അതേസമയം സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി. 5ജി സാങ്കേതിക വിദ്യ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും എന്നാരോപിച്ചാണ് ജൂഹി ചൗള കോടതിയെ സമീപിച്ചത്.

TAGS :

Next Story