Quantcast

ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കണോ എന്ന് കര്‍ഷകന്‍; അതാണ് നല്ലതെന്ന് മന്ത്രി

ഇപ്പോള്‍ നല്‍കുന്ന 2 കിലോ അരി എങ്ങനെയാണ് ഒരു കുടുംബത്തിന് തികയുക എന്നായിരുന്നു കര്‍ഷകന്‍റെ ചോദ്യം.

MediaOne Logo

Web Desk

  • Published:

    28 April 2021 3:23 PM GMT

ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കണോ എന്ന് കര്‍ഷകന്‍; അതാണ് നല്ലതെന്ന് മന്ത്രി
X

കോവിഡ് പ്രതിസന്ധിക്കും ലോക്ഡൌണിനുമിടെ സര്‍ക്കാര്‍ നല്‍കുന്ന അരി വിഹിതം തികയുന്നില്ലെന്ന് പരാതി പറഞ്ഞ കര്‍ഷകനോട് 'പോയി ചാക്' എന്ന് കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കാട്ടി. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തുവന്നു.

ഇപ്പോള്‍ നല്‍കുന്ന 2 കിലോ അരി എങ്ങനെയാണ് ഒരു കുടുംബത്തിന് തികയുക എന്നായിരുന്നു കര്‍ഷകന്‍റെ ചോദ്യം. സര്‍ക്കാര്‍ മൂന്ന് കിലോ റാഗി തരുന്നുണ്ടല്ലോയെന്ന് മന്ത്രി മറുപടി പറഞ്ഞു. എന്നാല്‍ വടക്കന്‍ കര്‍ണാടകയില്‍ ഇത് കിട്ടുന്നില്ലെന്ന് കര്‍ഷകന്‍ മറുപടി നല്‍കി.

കര്‍ഷകന്‍: സര്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ വരുമാനം ഒന്നുമില്ല. നിലവിലെ അരി വിഹിതം മതിയാകുമോ ?

മന്ത്രി: ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ നല്‍കാറുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ അത് ലഭിക്കും

കര്‍ഷകന്‍: ഞങ്ങള്‍ക്ക് എന്ന് കിട്ടും ?

മന്ത്രി: അടുത്ത മാസം

കര്‍ഷകന്‍: അതുവരെ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കണോ ?

മന്ത്രി: മരിക്കുന്നതാണ് നല്ലത്. വിതരണം നിര്‍ത്തിയത് അതിനുവേണ്ടിയാണ്. ഇനി മേലാല്‍ എന്നെ വിളിക്കരുത്

സംഭാഷണം പുറത്തായതോടെ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇങ്ങനെ പെരുമാറുന്ന മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മന്ത്രി സ്വയം ന്യായീകരിച്ചു- മര്യാദയ്ക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ മര്യാദയ്ക്ക് പ്രതികരിച്ചേനെ. മരിക്കണോ എന്ന് അയാള്‍ ചോദിക്കുമ്പോള്‍ ഞാനെന്ത് പറയണമായിരുന്നു? എന്നാണ് മന്ത്രിയുടെ മറുപടി. ഇതിന് മുന്‍പും മന്ത്രി ഉമേഷ് കാട്ടി വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. ടെലിവിഷനും ഇരുചക്ര വാഹനവുമുള്ള കുടുംബങ്ങള്‍ ബിപിഎല്‍ കാര്‍ഡ് തിരികെ നല്‍കണം എന്നാണ് മന്ത്രി പറഞ്ഞത്. മാര്‍ച്ച് 31 വരെയാണ് സമയം അനുവദിച്ചത്. മന്ത്രിയുടെ ഈ തീരുമാനത്തിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു.

കര്‍ണാടകയില്‍ രണ്ടാഴ്ചത്തെ ലോക്ക്ഡൌണ്‍ ആണ് പ്രഖ്യാപിച്ചത്. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോവിഡ് കേസുകളും മരണങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

TAGS :

Next Story