Quantcast

ആരവങ്ങളില്ലെങ്കിലും ജയിലിനു പുറത്ത് ലാലുവിന് ഇന്ന് 74-ാം സന്തോഷപ്പിറന്നാൾ

പതിവ് ആഘോഷങ്ങളുടെ പകിട്ടില്ലെങ്കിലും ആർജെഡി നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം മതസൗഹാർദ സന്ദേശം പകരാനായി 'സദ്ഭാവന ദിവസ്' ആയാണ് ഇന്നു പ്രവർത്തകർ പ്രിയ നേതാവിന്റെ ജന്മദിനം കൊണ്ടാടുന്നത്

MediaOne Logo

Web Desk

  • Updated:

    2021-06-11 11:01:08.0

Published:

11 Jun 2021 10:38 AM GMT

ആരവങ്ങളില്ലെങ്കിലും ജയിലിനു പുറത്ത് ലാലുവിന് ഇന്ന് 74-ാം സന്തോഷപ്പിറന്നാൾ
X

കൊട്ടും കുരവയുമില്ല. പതിവ് ആഹ്ലാദാരവങ്ങളില്ല. ബാൻഡ്‌വാദ്യങ്ങളുമായി പ്രവർത്തകർ സ്‌നേഹാദരങ്ങൾ ചൊരിയാൻ പാറ്റ്‌നയിലെ വസതിയിലെത്തിയില്ല. എങ്കിലും ഈ 74-ാം പിറന്നാൾദിനത്തിൽ ലാലുപ്രസാദ് യാദവ് ഏറെ സന്തോഷവാനാണ്. കഴിഞ്ഞ നാലു വർഷവും 'തടവറയുടെ ഏകാന്തത'യിലായിരുന്നു ബിഹാർ രാഷ്ട്രീയത്തിലെ അതികായന്റെ ജന്മദിനാഘോഷങ്ങൾ. ഡല്‍ഹിയില്‍ മകളും രാജ്യസഭാ അംഗവുമായ മിസ ഭാരതിയുടെ വസതിയിലായിരുന്നു ഇത്തവണ ഭാര്യ റാബ്രി ദേവിക്കും കൊച്ചുമക്കൾക്കുമൊപ്പം ജന്മദിന സന്തോഷം പങ്കിട്ടത്.

പതിറ്റാണ്ടുകളായി ജൂൺ 11 ഒരു സാധാരണ ദിവസമല്ല ബിഹാറിൽ. ആർജെഡി പ്രവർത്തകർക്കും ലാലുവിനെ സ്‌നേഹിച്ച സാധാരണക്കാരായ അനേകായിരങ്ങൾക്കും സന്തോഷദിനമാണത്. ബാൻഡ് കൊട്ടിയും റാന്തൽവിളക്കിന്റെ ചിത്രമുള്ള ഭീമൻ ഹരിതപതാകകളേന്തിയും രാവിലെത്തന്നെ പാറ്റ്‌നയിലെ നമ്പർ 10, സർക്കുലാർ റോഡിലുള്ള വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കായിരിക്കും. ആഘോഷത്തിന് നിറപ്പകിട്ടുകൂട്ടാൻ നാടോടി കലാകാരന്മാരും ഗായകരുമടക്കം വൻപട തന്നെ എത്തിയിട്ടുണ്ടാകും. ഭോജ്പൂരി ഭാഷയിലടക്കം രചിക്കപ്പെട്ട വാഴ്ത്തുപാട്ടുകളുണ്ടാകും. പ്രത്യേകം പറഞ്ഞുതയാറാക്കിയ ഭീമൻ കേക്ക് മുറിച്ചാകും ആഘോഷ പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് കലാപ്രകടനങ്ങളും പാട്ടും മേളവുമാകും.

ഈ ജന്മദിനത്തിലൊന്നും ലാലുവിന് അത്ര വിശ്വാസമൊന്നുമില്ല. സ്‌കൂൾ സർട്ടിഫിക്കറ്റിലെ മാത്രം തിയതിയാണ്, തന്റെ യഥാർത്ഥ ജന്മദിനം ഇതല്ലെന്നാണ് ലാലു എപ്പോഴും പറയാറ്. താൻ ജനിക്കും മുൻപ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിരുന്നു എന്നു മാത്രമേ തനിക്കറിയൂ എന്നും സ്വതസിദ്ധമായ നർമബോധത്തോടെ ലാലു എപ്പോഴും പറയും. എന്നാൽ, പ്രവർത്തകർക്കും തന്നെ സ്‌നേഹിക്കുന്ന പതിനായിരങ്ങൾക്കും സന്തോഷിക്കാനൊരു ദിനമാകുമെങ്കിൽ അങ്ങനെയാകട്ടെ എന്നു വയ്ക്കുകയാണ് അദ്ദേഹം ചെയ്യാറ്. അതുകൊണ്ട് തന്നെ ആഘോഷപരിപാടികളിൽ പൂർണമായി പങ്കുചേരുകയും ചെയ്യും.

ഇത്തവണ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങൾക്ക് അവസരമില്ലെങ്കിലും സ്വന്തം നായകനെ പുറത്തുകാണാനായ സന്തോഷത്തിലാണ് ആർജെഡി പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം മതസൗഹാർദ സന്ദേശമായി 'സദ്ഭാവന ദിവസ്' ആയാണ് പ്രവർത്തകർ ഇന്ന് ആഘോഷിക്കുന്നത്. ബിഹാറിന്റെ പല ഭാഗങ്ങളിലും ലാലുവിന്റെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രക്തദാന പരിപാടികളും മരം നടീലും നടക്കുന്നുണ്ട്.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ലാലു പ്രസാദ് യാദവിന് ജന്മദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എസ്പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ ട്വിറ്ററില്‍ ആശംസകളര്‍പ്പിച്ചു. സാമൂഹിക-സാമ്പത്തിക നീതിയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാനും അടിച്ചമര്‍ത്തപ്പെട്ട ജനതയെ ശാക്തീകരിക്കാനും മുന്നില്‍നിന്ന സാമഹിക നീതിയുടെ നായകനാണ് സഹോദരന്‍ ലാലുപ്രസാദ് യാദവെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

2017ലാണ് കാലിത്തീറ്റ കുംഭകോണത്തിൽ ലാലുപ്രസാദ് യാദവിനെ റാഞ്ചിയിലെ ജയിലിലടക്കുന്നത്. ഇതിനിടെ ഗുരുതരമായ രോഗങ്ങൾ ലാലുവിനെ അലട്ടാൻ തുടങ്ങിയതോടെ ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പൊലിസ് കാവലിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 17നാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത്. ഇതിനുശേഷവും ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടശേഷം മകൾക്കൊപ്പം ഡൽഹിയിലാണ് കഴിയുന്നത്.

TAGS :

Next Story