ബംഗാളിൽ 'സംപൂജ്യ'രായി ഇടതുപക്ഷം
കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച ഇടതുപക്ഷം സീറ്റൊന്നുമില്ലാതെ ചിത്രത്തിലേയില്ലാത്ത അവസ്ഥയിലാണ്
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മിന്നുന്ന ജയം കരസ്ഥമാക്കിയപ്പോൾ, ബംഗാളിൽ തകർന്നടിഞ്ഞ് ഇടതുപക്ഷം. ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പ്രകാരം ബംഗാളിൽ ഇടതുപക്ഷത്തിന് ഒരു സീറ്റിലും വിജയിക്കാനായില്ല.
294 അംഗ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോള്‍, കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിച്ച ഇടതുപക്ഷം സീറ്റൊന്നുമില്ലാതെ ചിത്രത്തിലേയില്ലാത്ത അവസ്ഥയിലാണ്. ഇടതുസഖ്യത്തിൽ സി.പി.എം - സി.പി.ഐക്ക് പുറമെ, കോൺഗ്രസ്, ആർ.എസ്.എം.പി, ആർ.എസ്.പി എ.ഐ.എഫ്.ബി പാർട്ടികളുമായി കൈകോർത്ത് ശക്തമായ മൂന്നാം മുന്നണിയായി, തൃണമൂലിന്‍റെയും ബി.ജെ.പിയുടെയും ഭീഷണിയെ നേരിടാനിരുന്ന സഖ്യത്തിന് പൂർണ നിരാശയായിരുന്നു ഫലം.
1977 മുതൽ മൂന്ന് പതിറ്റാണ്ട് പശ്ചിമ ബംഗാൾ അടക്കി ഭരിച്ച ഇടതുപക്ഷത്തിന്, 2021ൽ എത്തിനിൽക്കുമ്പോൾ തൃണമൂൽ - ബി.ജെ.പി പാർട്ടികൾ തമ്മിൽ നടന്ന മത്സരത്തിൽ നോക്കി നിൽക്കാനെ സാധിച്ചുള്ളു. 2016ൽ ബംഗാളിൽ 26 സീറ്റുകളിൽ സി.പി.എം വിജയിച്ചപ്പോൾ, ഒരു സീറ്റിലാണ് സി.പി.ഐ വിജയിച്ചിരുന്നത്. കോൺഗ്രസിന് അന്ന് 44 സീറ്റുകളുണ്ടായിരുന്നു ബംഗാളിൽ. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളാണ് ഇടതുസഖ്യത്തിന് ഉണ്ടായിരുന്നത്.
ബംഗാളിൽ ശക്തമായ മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് കാഴ്ച്ചവെച്ചത്. 215 സീറ്റുകളിൽ തൃണമൂൽ വിജയം ഉറപ്പിച്ചു. ബി.ജെ.പി 76 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
Adjust Story Font
16