Quantcast

തമിഴ്നാട്ടില്‍ നാല് സീറ്റില്‍ ജയിച്ച് ഇടത് പാര്‍ട്ടികള്‍; ലീഗ് മൂന്നിടത്തും തോറ്റു

സിപിഎമ്മും സിപിഐയും രണ്ട് സീറ്റില്‍ വീതം വിജയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-05-03 05:55:35.0

Published:

3 May 2021 5:52 AM GMT

തമിഴ്നാട്ടില്‍ നാല് സീറ്റില്‍ ജയിച്ച് ഇടത് പാര്‍ട്ടികള്‍; ലീഗ് മൂന്നിടത്തും തോറ്റു
X

തമിഴ്നാട്ടില്‍ നില മെച്ചപ്പെടുത്തി ഇടത് പാര്‍ട്ടികള്‍‍. സിപിഎമ്മും സിപിഐയും രണ്ട് സീറ്റില്‍ വീതം വിജയിച്ചു. ഡിഎംകെ സഖ്യത്തിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്. സിപിഎമ്മില്‍ നിന്നും എം ചിന്നദുരയും വി പി നാഗൈമാലിയുമാണ് വിജയിച്ചത്. മാരി മുത്തു, രാമചന്ദ്രന്‍ ടി എന്നിവരാണ് വിജയിച്ച സിപിഐ സ്ഥാനാര്‍ഥികള്‍.

13592 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഗന്ധര്‍വക്കോട്ടൈയില്‍ നിന്നാണ് ചിന്നദുര വിജയിച്ചത്. തിരുച്ചിറപ്പള്ളി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഗന്ധര്‍വക്കോട്ടൈ. കീഴ്‌വേളൂര്‍ മണ്ഡലത്തില്‍ മത്സരിച്ച വി പി നാഗൈമാലി 17234 വോട്ടുകള്‍ക്കാണ് ജയിച്ചത്. സിപിഎം നേതൃത്വത്തില്‍ നടന്ന കര്‍ഷക തൊഴിലാളി സമരത്തില്‍ അണിനിരന്നതിന് സ്ത്രീകളും കുട്ടികളും അടക്കം 44 ദലിതരെ 1968ല്‍ ചുട്ടുകൊന്ന കീഴ് വെണ്മണി എന്ന പ്രദേശം ഉള്‍പ്പെട്ട മണ്ഡലമാണ് കീഴ്‌വേളൂര്‍. 2011ലും നാഗൈമാലി ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.


വിജയിച്ച സിപിഎം സ്ഥാനാര്‍ഥികള്‍

സിപിഐ സ്ഥാനാര്‍ഥി രാമചന്ദ്രന്‍ ടി താളി മണ്ഡലത്തില്‍ നിന്നും 56226 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുതുറൈപൂണ്ടി എന്ന മണ്ഡലത്തില്‍ നിന്നുമാണ് സിപിഐ സ്ഥാനാര്‍ഥ് മാരിമുത്തു വിജയിച്ചത്. 30068 ആണ് ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുടെ ഭാഗമായി മത്സരിച്ചെങ്കിലും ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായിരുന്നില്ല.

അതേസമയം ഡിഎംകെ മുന്നണിയിൽ മത്സരിച്ച സിറ്റിങ് എംഎൽഎ കെഎഎം മുഹമ്മദ് അബൂബക്കർ അടക്കം മൂന്ന് സ്ഥാനാർഥികളും തോറ്റു. സിറ്റിങ് സീറ്റായ കടയനല്ലൂർ അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ സ്ഥാനാർഥികളോടാണ് ലീഗിന്റെ സ്ഥാനാർഥികൾ തോറ്റത്. കെ.എ.എം മുഹമ്മദ് അബൂബക്കർ സി. കൃഷ്ണ മുരളിയോട് പരാജയപ്പെട്ടു. വാണിയമ്പാടി മണ്ഡലത്തിൽ എൻ. മുഹമ്മദ് നയീമിനെ ജി സെന്തിൽകുമാറും ചിദംബരത്ത് എസ്. അബ്ദുറഹ്‌മാനെ കെ.എ പാണ്ഡ്യനും പരാജയപ്പെടുത്തി.

തമിഴ്നാട്ടില്‍ മികച്ച വിജയമാണ് ഡിഎംകെ സഖ്യം സ്വന്തമാക്കിയത്. ഡിഎംകെ സഖ്യം 159 സീറ്റുകളില്‍ ജയിച്ചു. ഡിഎംകെ സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് 18 സീറ്റിലാണ് വിജയിച്ചത്. എഐഎഡിഎംകെ സഖ്യത്തിന് 75 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.

TAGS :

Next Story