ലിവിങ് റിലേഷൻഷിപ്പുകൾ അംഗീകരിക്കാൻ പറ്റാത്തത്: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ലിവിങ് റിലേഷൻഷിപ്പുകൾ സാമൂഹികമായും ധാർമികമായും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. പഞ്ചാബിൽ നിന്ന് ഒളിച്ചോടിയ കമിതാക്കളുടെ ഹരജി തള്ളികൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഗുർവീന്ദർ സിങ്ങും ഗുൽസാ കുമാരിയും നൽകിയ ഹരജിയാണ് കോടതി തള്ളിയത്. നിലവിൽ ലിവിങ് ടുഗെദർ ആണ്, ഉടൻ വിവാഹം കഴിക്കും. പെൺകുട്ടിയുടെ വീട്ടുകാർ തങ്ങളെ അപായപ്പെടുത്തുമോ എന്ന ഭയമുള്ളതായും സംരക്ഷണം നൽകണമെന്നുമാണ് ഇവർ കോടതിയോട് ആവശ്യപ്പെട്ടത്.
എന്നാൽ ലിവിങ് ടുഗദെർ ബന്ധത്തിന് അംഗീകാരം നൽകാനാണ് ഹരജിയിലൂടെ ശ്രമിക്കുന്നതെന്നും, സാമൂഹികമായും ധാർമികമായും ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ജസ്റ്റിസ് എച്ച്.എസ് മദാൻ പറഞ്ഞു. സംരക്ഷണം നൽകികൊണ്ട് വിധി പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു.
എന്നാൽ പെൺകുട്ടിക്ക് 19 വയസും, ആൺകുട്ടിക്ക് 22 വയസും പ്രായമുണ്ടെന്നും ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ ആധാർ വീട്ടുകാരുടെ കൈവശമായതിനാൽ സംഭവിച്ച സാങ്കേതിക തടസ്സം മാത്രമാണ് വിവാഹം വൈകാൻ കാരണമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
ലിവിങ് റിലേഷൻഷിപ്പിന് അനുകൂലമായി സുപ്രീംകോടതി നിലപാട് സ്വീകരിച്ചുട്ടള്ളതാണ്. അതിനാലാണ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. നേരത്തെ, ഒളിച്ചോടി എത്തുന്ന ലിവിങ് റിലേഷൻഷിപ്പുകളിലുള്ള കമിതാക്കൾക്ക് സംരക്ഷണം ഏർപ്പെടുത്താൻ ഉത്തരവിടുന്നത് സാമൂഹ്യ ചട്ടക്കൂടിനെ ദോഷകമായി ബാധിക്കാൻ കാരണമാകുമെന്ന് മറ്റൊരു ഹൈക്കോടതി ബെഞ്ചും നിരീക്ഷിച്ചിരുന്നു.
Adjust Story Font
16