സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് മമത കോടതിയിൽ
വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ചാണ് ബംഗാൾ മുഖ്യമന്ത്രി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്
ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയെ സമീപിച്ച് മുഖ്യമന്ത്രി മമത ബാനർജി. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ചാണ് മമത കൊൽക്കത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയെങ്കിലും പാർട്ടി അമരക്കാരി മമതയ്ക്ക് തിരിച്ചടിയേറ്റിരുന്നു. നന്ദിഗ്രാമിൽ മുൻ വിശ്വസ്തനും നിലവിൽ ബിജെപി നേതാവുമായ സുവേന്ദു അധികാരിയോടായിരുന്നു മമത പരാജയപ്പെട്ടത്. 1,700 വോട്ടുകൾക്കായിരുന്നു പരാജയം.
വോട്ടെണ്ണൽ നിയന്ത്രിച്ച റിട്ടേണിങ് ഓഫീസർക്ക് വധഭീഷണി നേരിട്ടതായി മമത ചൂണ്ടിക്കാട്ടി. റീക്കൗണ്ടിങ് അനുവദിച്ചാൽ കൊലപ്പെടുത്തുമെന്നു ഭീഷണി നേരിട്ടതായി റിട്ടേണിങ് ഓഫീസർ വെളിപ്പെടുത്തുന്ന സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അവർ അറിയിച്ചു. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ഫലപ്രഖ്യാപന ദിവസം തന്നെ ആരോപണമുയർന്നിരുന്നു. തുടർന്ന് റീക്കൗണ്ടിങ് ആവശ്യപ്പെട്ട് തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നെങ്കിലും അധികൃതർ സമ്മതിച്ചിരുന്നില്ല.
Adjust Story Font
16