പ്രധാനമന്ത്രിയുടെ യോഗത്തെ രാഷ്ട്രീയവത്കരിച്ചു; മമതയെ വിമര്‍ശിച്ച് സുവേന്ദു അധികാരി
കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടി മമത ബാനര്‍ജി രംഗത്തു വന്നതിനു പിന്നാലെയാണ് സുവേന്ദു അധികാരിയുടെ പ്രതികരണം.
മമത ബാനര്‍ജി ഭരണത്തില്‍ താല്‍പര്യമില്ലെന്ന് വീണ്ടും വ്യക്തമാക്കിയെന്നും കോവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ രാഷ്ട്രീയവത്ക്കരിച്ചെന്നും സുവേന്ദു അധികാരി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്, മമത ബാനര്‍ജി ഇതില്‍ എത്ര മീറ്റിംഗുകളില്‍ പങ്കെടുത്തുവെന്ന് അദ്ദേഹം ചോദിക്കുകയും പൂജ്യം എന്ന് ഉത്തരം നല്‍കുകയും ചെയ്തു. എന്നിട്ടും പ്രധാനമന്ത്രി വിളിച്ച യോഗത്തെ വിമര്‍ശിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നു യോഗത്തില്‍ സംസാരിച്ച ഏഴു ജില്ലാ അധികൃതരില്‍ അഞ്ചു പേരും ഛത്തീസ്ഗഡ്, കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിങ്ങനെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണെന്നും സുവേന്ദു അധികാരി പറഞ്ഞു. ചില ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിച്ചതെന്ന മമതയുടെ ആരോപണത്തെ ഖണ്ഡിച്ചുകൊണ്ടായിരുന്നു സുവേന്ദുവിന്‍റെ പരാമര്‍ശം.
പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്ത തങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. സംസാരിക്കാന്‍ അവസരം തന്നതുമില്ല. വാക്‌സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചോ അദ്ദേഹം ചോദിച്ചില്ലെന്നുമായിരുന്നു മമത ബാനര്‍ജിയുടെ വിമര്‍ശനം.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇത്തരം വാദങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അത് കേസുകള്‍ വര്‍ധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കാതിരുന്നതെന്നും മമത ആരോപിച്ചിരുന്നു.
Today, our respected CM @MamataOfficial has once again shown her total disinterest in administration.
— Suvendu Adhikari • শুভেন্দু অধিকারী (@SuvenduWB) May 20, 2021
True to her style, she has politicised a meeting Hon'ble PM @narendramodi held with District Officials, where grassroots level practices to fight COVID-19 were being discussed.
Adjust Story Font
16