Quantcast

മമത ബാനര്‍ജി രാജ്യത്തിന്‍റെ നേതാവെന്ന് കമല്‍നാഥ്

'പ്രധാനമന്ത്രിയെയും സിബിഐ, ഇ.ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെയുമാണ് മമത പരാജയപ്പെടുത്തിയത്'

MediaOne Logo

Web Desk

  • Published:

    6 May 2021 3:41 AM GMT

മമത ബാനര്‍ജി രാജ്യത്തിന്‍റെ നേതാവെന്ന് കമല്‍നാഥ്
X

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ രാജ്യത്തിന്‍റെ നേതാവെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിബിഐ, ഇ.ഡി, ഇന്‍കം ടാക്സ് പോലുള്ള കേന്ദ്ര ഏജന്‍സികളെയുമാണ് മമത ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതെന്നും കമല്‍നാഥ് പറഞ്ഞു.

ഇത് മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. പ്രവചനാതീതമായ കടുത്ത മത്സരത്തിലൂടെയാണ് അവര്‍ വീണ്ടും അധികാരത്തിലെത്തിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് യു.പി.എ അക്കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് കമല്‍നാഥ് പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടണമെന്ന് മമതയോട് പറഞ്ഞിട്ടുണ്ടെന്ന് കമല്‍നാഥ് വ്യക്തമാക്കി. മമതയെ താന്‍ മധ്യപ്രദേശിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

മമതയെ ആധുനിക ത്സാൻസി റാണിയെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിശേഷിപ്പിച്ചത്- 'അടിത്തട്ടിൽ നിന്നുയര്‍ന്ന ധൈര്യമുള്ള നേതാവും ആധുനിക ത്സാൻസി റാണിയുമായ അവർ എന്തുവെല്ലുവിളികൾ വന്നാലും ഏത്​ ഗോലിയാത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചു' എന്നാണ് കപില്‍ സിബലിന്റെ ട്വീറ്റ്. ബിജെപിയെ തോല്‍പ്പിച്ചതിന് രാഹുല്‍ ഗാന്ധിയും മമതയെ അഭിനന്ദിക്കുകയുണ്ടായി.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു. ഇത്തവണ 213 സീറ്റുമായാണ് തൃണമൂല്‍ അധികാരത്തിലെത്തിയത്. ബിജെപിയാണ് 77 സീറ്റോടെ പ്രതിപക്ഷ സ്ഥാനത്ത്. 2016ലെ പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്, സിപിഎം കക്ഷികള്‍ക്ക് സീറ്റൊന്നും ലഭിച്ചില്ല.

TAGS :

Next Story