Quantcast

നന്ദിഗ്രാമില്‍ ലീഡ് തിരിച്ചുപിടിച്ച് മമത

നന്ദിഗ്രാം ഉച്ച വരെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ചുകൊണ്ടിരുന്നു

MediaOne Logo

Web Desk

  • Published:

    2 May 2021 8:31 AM GMT

നന്ദിഗ്രാമില്‍ ലീഡ് തിരിച്ചുപിടിച്ച് മമത
X

തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാള്‍ ജനത മൂന്നാമതും അവസരം നല്‍കിയെങ്കിലും നന്ദിഗ്രാം ഉച്ചയ്ക്ക് ഒരു മണി വരെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ചുകൊണ്ടിരുന്നു. മമതയുടെ പഴയ വിശ്വസ്തനും ബിജെപി സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരി ആയിരുന്നു നന്ദിഗ്രാമില്‍ മുന്നില്‍. എന്നാല്‍ മമത ലീഡ് തിരിച്ചുപിടിച്ചു.

മമതയുടെ രാഷ്ട്രീയ ജീവിതത്തില്‍ നന്ദിഗ്രാമിന് ഏറെ പ്രധാന്യമുണ്ട്. നന്ദിഗ്രാം, സിംഗൂര്‍ സമരത്തിന് പിന്നാലെയാണ് സിപിഎമ്മിനെ തറപറ്റിച്ച് മമത അധികാരത്തിലെത്തിയത്. അന്ന് നന്ദിഗ്രാം സമരത്തിന് മമതയ്ക്കൊപ്പമുണ്ടായിരുന്ന സുവേന്ദു അധികാരിയാണ് ഇന്ന് നന്ദിഗ്രാമില്‍ മമതയുടെ എതിരാളി എന്നതാണ് ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്കായിരുന്നു. എന്നിട്ടും ബിജെപിയെ വെല്ലുവിളിച്ച് മമത കളംനിറഞ്ഞു.

ബംഗാളിനെ സുവര്‍ണ ബംഗാളാക്കാമെന്ന ബിജെപിയുടെ ആഹ്വാനം ബംഗാള്‍ തള്ളി. നിലവില്‍ 200ല്‍ അധികം സീറ്റില്‍ തൃണമൂല്‍ മുന്നേറുകയാണ്. ബിജെപിക്ക് 84 സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. മൂന്നാമതും ബംഗാളില്‍ തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കെടുത്താല്‍ സീറ്റുകളുടെ എണ്ണം ബിജെപി വര്‍ധിപ്പിച്ചിട്ടുണ്ട്. 2011ല്‍ ഒരു സീറ്റിലും വിജയിക്കാന്‍ പറ്റാതിരുന്ന ബിജെപി, 2016ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് നേടിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ബിജെപി വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ആത്മവിശ്വാസത്തോടെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്. ആ മുന്നേറ്റം ഇത്തവണ ഉണ്ടായില്ല.

TAGS :

Next Story