ബംഗാളിൽ മമതയുടെ മൂന്നാമൂഴം; സത്യപ്രതിജ്ഞ ബുധനാഴ്‍ച
സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് മമത ബാനര്‍ജി ഗവർണറെ കണ്ടു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന പാർട്ടി അംഗം പാർഥ ചാറ്റർജി അറിയിച്ചു. സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് ഗവർണർ ജഗ്ദീപ് ദങ്കറെ മമത സന്ദർശിച്ചു. വൈകീട്ട് ഏഴ് മണിയോടെയാണ് മമത ബാനർജി രാജ്ഭവനിലെത്തി ഗവ൪ണറെ കണ്ടത്. തുടർച്ചയായി മൂന്നാമത്തെ തവണയാണ് മമത ബംഗാളിന്‍റെ അധികാര ചക്രം തിരിക്കാനൊരുങ്ങുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ എം.എൽ.എമാർ പാർട്ടി നേതാവായി മമത ബാനർജിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. സ്പീക്കർ ബിമൻ ബാർജിയെ പ്രോടേംസ്പീക്കറായും നിയുക്ത എം.എൽ.എമാർ തെരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി തെരഞ്ഞെടുത്ത അംഗങ്ങൾ വ്യാഴാഴ്ചയാണ് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുക.
നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മറ്റൊരു മണ്ഡലത്തിൽ നിന്ന് ജനവിധി തേടി സഭയിലെത്താനാണ് മമതയുടെ തീരുമാനം. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നതായി മമത ആരോപിച്ചിരുന്നു. വോട്ടിങ് യന്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്നും മമത ആവശ്യപ്പെട്ടു. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി സുവേന്ദു അധികാരി വിജയിച്ചത്.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരം നിലനിർത്തിയത് 212 സീറ്റുകൾ നേടിയാണ്. 77 സീറ്റുകൾ നേടിയ ബി.ജെ.പിയാണ് മുഖ്യപ്രതിപക്ഷം. തുടര്‍ച്ചയായി രണ്ടാം തവണയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നത്.
അതേസമയം, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ച രണ്ട് മണ്ഡലങ്ങളിൽ ഈ മാസം 16ന് വോട്ടെടുപ്പ് നടക്കും. സാംസർഗഞ്ച്, ജങ്കിപൂർ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പാനന്തരം ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടുകയും ചെയ്തു. ഫല പ്രഖ്യാപനം അന്തിമ ഘട്ടത്തിലേക്ക് കടക്കവെ ചില ബി.ജെ.പി ഓഫീസുകൾ തീവെക്കെപ്പട്ടിരുന്നു. ഈ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടൽ.
Adjust Story Font
16