മോദി-ഷാ 'പദ്മ'വ്യൂഹത്തെ നിഷ്പ്രഭമാക്കിയത് ഒറ്റയ്ക്ക് നിന്ന്; ബംഗാളിൽ മഹാമേരുവായി മമത

മോദി-ഷാ 'പദ്മ'വ്യൂഹത്തെ നിഷ്പ്രഭമാക്കിയത് ഒറ്റയ്ക്ക് നിന്ന്; ബംഗാളിൽ മഹാമേരുവായി മമത

ബിജെപിയുടെ സർവസന്നാഹങ്ങളും വര്‍ഗീയ പ്രചാരണങ്ങളും ഫലം കണ്ടില്ല

MediaOne Logo

Web Desk

  • Published:

    2 May 2021 1:24 PM

മോദി-ഷാ പദ്മവ്യൂഹത്തെ നിഷ്പ്രഭമാക്കിയത് ഒറ്റയ്ക്ക് നിന്ന്; ബംഗാളിൽ മഹാമേരുവായി മമത
X

ബിജെപിയുടെ സർവസന്നാഹങ്ങളെയും സർവസജ്ജമായ പദ്മവ്യൂഹങ്ങളെയും ഒറ്റയ്ക്ക് നിന്നാണ് മമതാ ബാനർജി മലർത്തിയടിച്ചിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളും എക്‌സിറ്റ്‌പോൾ പ്രവചനങ്ങളുമെല്ലാം കാറ്റിൽ പറത്തി ഒരിക്കൽകൂടി മമത ബംഗാളിൽ മഹാമേരുവാണെന്ന് തെളിയിച്ചിരിക്കുന്നു. 200ലേറെ സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് തുടർച്ചയായ മൂന്നാം തവണയും ബംഗാൾ ജനത മമതയെ തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബംഗാൾ പിടിച്ചെടുക്കാനുള്ള ആഞ്ഞുപിടിച്ച ശ്രമങ്ങളിലായിരുന്നു ബിജെപി. സംസ്ഥാനത്ത് ദേശീയ നേതാക്കന്മാരുടെ സ്ഥിരംസാന്നിധ്യത്തിനു പുറമെ ഗ്രാമീണതലത്തിലും നഗരങ്ങളിലുമെല്ലാം ബിജെപി പ്രവർത്തകർ ഇത്രയും കാലം ക്യാംപ് ചെയ്തു പ്രവർത്തിക്കുകയായിരുന്നു. അതിന്റെ ഫലമെന്നോണമാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകെ 42 സീറ്റിൽ 18ഉം എൻഡിഎ പിടിച്ചടക്കിയത്. തങ്ങളുടെ വോട്ട് ഷെയർ ഇരട്ടിക്കും മേലെയാക്കുകയും ചെയ്തു. ഇത് ബിജെപി ക്യാംപിന് വൻ ആത്മവിശ്വാസമാണ് നൽകിയത്. രണ്ടു വർഷം മുൻപ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനമായിരിക്കും നിയമസഭയിൽ ആവർത്തിക്കുകയെന്നാണ് എല്ലാവരും കരുതിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചുനിന്നു മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് മമതയുടെ വോട്ടുബാങ്കിൽ ഉറപ്പായും വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം കരുതിയത്. അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ഇടതുപക്ഷത്തോടൊപ്പം ചേരുക കൂടി ചെയ്തതോടെ മുസ്്‌ലിം വോട്ടുകളും ഇരുമുന്നണികൾക്കിടയിൽ ചിതറിപ്പോകുമെന്നു പൊതുവെ വിലയിരുത്തപ്പെട്ടു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും കാറ്റിൽ പറത്തിയാണ് ബംഗാൾ ജനവിധിയുടെ ഫലപ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയെ വ്യക്തിപരമായി കടുത്ത ഭാഷയിൽ ആക്രമിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും യോഗി ആധിത്യനാഥിന്റെയുമെല്ലാം പ്രചാരണങ്ങൾ. മോദിയും ഷായും അടക്കമുള്ള ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കൾ നിരവധി തവണയാണ് സംസ്ഥാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിെത്തിയത്. മോദിയും അമിത് ഷായും മാത്രം കഴിഞ്ഞ 50 ദിവസത്തിനിടെ 51 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തു. മമത മുസ്‌ലിംകളുടെ മുഖ്യമന്ത്രിയാണെന്നു പറഞ്ഞ് ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ചു. ഇതോടൊപ്പം വിജയിച്ചാൽ സിഎഎ, എൻആർസി നിയമങ്ങൾ നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്തും മുസ്‌ലിം, കുടിയേറ്റ വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാൻ നോക്കി.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്‌സിറ്റ്‌പോളുകളിൽ പലതും ബംഗാളിൽ ഇഞ്ചോടിച്ച് മത്സരമാണ് പ്രവചിച്ചത്. എന്നാൽ, ഫലം വരുമ്പോൾ പ്രധാന എതിരാളിയായ ബിജെപിയെ ഏറെ പിന്നിലാക്കി മൃഗീയ ഭൂരിപക്ഷത്തിനാണ് മമത അധികാരം നിലനിർത്തുന്നത്. ബിജെപിക്ക് മൂന്നക്കം കടക്കാനായില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 213 സീറ്റുകളിൽ തൃണമൂൽ മുന്നിട്ടുനിൽക്കുന്നു. കഴിഞ്ഞ തവണ 211 സീറ്റായിരുന്നു തൃണമൂലിനുണ്ടായിരുന്നത്. ഇതിൽ ഒരു തരത്തിലുമുള്ള ഇളക്കമുണ്ടാക്കാൻ ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമങ്ങൾക്കായില്ല. പകരം കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വോട്ടുബാങ്കിലാണ് ബിജെപി ചോർച്ചയുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിന് 42ഉം ഇടതുപക്ഷത്തിന് 26ഉം സീറ്റുകളുണ്ടായിരുന്നിടത്തുനിന്ന് ഇരുകക്ഷികളും ഒന്നിച്ചുനിന്നട്ടും വട്ടപ്പൂജ്യമാണ് ഫലം. ഈ വിടവിലാണ് ബിജെപി നേട്ടമുണ്ടാക്കിയിരിക്കുന്നത്.

TAGS :

Next Story