ഇന്ത്യയില്‍ കോവിഡ് അതിവ്യാപനത്തിന് കാരണം മോദി: ഐഎംഎ വൈസ് പ്രസിഡന്‍റ്
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റാലികളും കുംഭമേളയ്ക്ക് നല്‍കിയ അനുമതിയും ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ വിമര്‍ശനം
ഇന്ത്യയിലെ കോവിഡ് അതിവ്യാപനത്തിന് കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. നവ്ജോത് ദഹിയ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളും കുംഭമേളയ്ക്ക് നല്‍കിയ അനുമതിയും ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ വിമര്‍ശനം.
"കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ, കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിക്ക് ഒരു മടിയുമുണ്ടായില്ല. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് പ്രധാനമന്ത്രി അന്ന് അങ്ങനെ പ്രവര്‍ത്തിച്ചത്". കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുന്നതിനിടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞത് താന്‍ ആദ്യമായാണ് ഇത്രയും വലിയ റാലി കാണുന്നതെന്നായിരുന്നു. കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു റാലി.
2020 ജനുവരിയില്‍ രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യ മേഖലയെ സജ്ജമാക്കുന്നതിന് പകരം, ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഗുജറാത്തില്‍ ഡോണള്‍ഡ് ട്രംപിന് സ്വീകരണമൊരുക്കുകയായിരുന്നു മോദി. കഴിഞ്ഞ ഒരു വര്‍ഷം പ്രധാനമന്ത്രി ഒരു മുന്നൊരുക്കവും നടത്താതിരുന്നതിനാലാണ് രാജ്യത്തെ മൊത്തം ആരോഗ്യ സംവിധാനവും തോറ്റുപോകുന്ന സ്ഥിതിയിലെത്തിയതെന്നും ഐഎംഎ ഭാരവാഹി വിമര്‍ശിച്ചു.
ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല മരണങ്ങളും ഓക്സിജന്‍ ക്ഷാമം കൊണ്ട് സംഭവിച്ചതാണ്. ഓക്സിജന്‍ പ്ലാന്‍റുകള്‍ നിര്‍മിക്കാനുള്ള പല പദ്ധതികളും കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി കാത്ത് കിടക്കുകയാണ്. എന്നാൽ മോദി സർക്കാർ ഇത്തരമൊരു സുപ്രധാന ആവശ്യം പരിഗണിച്ചതേയില്ലെന്നും ഡോക്ടര്‍ നവ്ജോത് ദഹിയ കുറ്റപ്പെടുത്തി.
കൊറോണയെ തുരത്താന്‍ കൊറോണില്‍ എന്ന യോഗ ഗുരു രാംദേവിന്‍റെ അവകാശവാദത്തെ പിന്തുണച്ച കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയെയും ഡോക്ടര്‍ വിമര്‍ശിച്ചു. കൊറോണില്‍ കൊറോണക്കെതിരെ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന സാക്ഷപ്പെടുത്തി എന്നായിരുന്നു രാംദേവിന്‍റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം ലോകാരോഗ്യ സംഘടന തന്നെ നിഷേധിക്കുകയുണ്ടായി.
രാജ്യത്ത് ഇന്ന് 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടക്കുന്നത്. ഇന്ന് 2771 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,97,894 ആയി.
Adjust Story Font
16