Quantcast

കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും 

മെയ് 15 വരെ അടച്ചിടുമെന്ന് കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    15 April 2021 4:34 PM GMT

കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും 
X

രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും. ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവ മെയ് 15 വരെ അടച്ചിടുന്നതായി കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷവും ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിരുന്നു.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കര്‍ണാടകത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

കേരളത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പരിശോധന വർധിപ്പിക്കും. അടുത്ത ദിവസങ്ങളില്‍ രണ്ടരലക്ഷത്തോളം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പദ്ധതി. അതേസമയം, രാജ്യത്ത് വാക്സിന്‍ ലഭ്യതക്കുറവ് വന്‍ തോതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വാക്സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.



TAGS :

Next Story