മുംബൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി; മരിച്ചവരില്‍ എട്ടും കുട്ടികള്‍
ഇന്നലെ രാത്രിയാണ് നാലുനിലയുള്ള ഒരു കെട്ടിടം മറ്റൊരു കെട്ടിടത്തിന്‍റെ മുകളിലേക്ക് തകര്‍ന്നു വീണത്.
കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി. മരിച്ചവരില്‍ എട്ടുപേരും കുട്ടികളാണ്. ഏഴു പേരുടെ നില ഗുരുതരമാണ്. ഇവരെ ബിഡിബിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് നാലുനിലയുള്ള ഒരു കെട്ടിടം മറ്റൊരു കെട്ടിടത്തിന്‍റെ മുകളിലേക്ക് തകര്‍ന്നു വീണത്. മുംബൈയിലെ മലാഡിലെ മല്‍വാനി പ്രദേശത്താണ് അപകടമുണ്ടായത്. അബ്ദുല്‍ ഹാമിദ് റോഡിലെ ന്യൂ കലക്ടര്‍ കോമ്പൌട്ടിനുള്ളിലെ കെട്ടിടമാണ് തകര്‍ന്നു വീണത്.
പെട്ടെന്നു തന്നെ ഫയര്‍ സര്‍വീസ് സംഭവസ്ഥലത്തെത്തിയത് ദുരന്തത്തിന്‍റെ ആഴം കുറച്ചു. പ്രദേശവാസികളുടെയും പൊലീസിന്റെയും സഹായത്തോടെ പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചു. മണ്ണിനടിയിലായ 15 പേരെ ഉടനെ തന്നെ പുറത്തെടുക്കാന്‍ കഴിഞ്ഞത് അവരുടെ ജീവന്‍ രക്ഷിച്ചു. പ്രദേശത്തെ മൂന്ന് കെട്ടിടങ്ങള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അവിടുള്ള താമസക്കാരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് റഫീഖ് എന്ന വ്യക്തിയുടേതാണ് തകര്‍ന്നുവീണ കെട്ടിടം. മരിച്ചവരില്‍ ഒമ്പതു പേരും അദ്ദേഹത്തിന്‍റെ കുടുംബത്തിലെ അംഗങ്ങളാണ്. അപകടമുണ്ടാകുമ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു മകനെ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷിക്കാനായത്. ഭര്‍ത്താവ് മരിച്ച റുബീന ശൈഖിനും വീട് നഷ്ടമായി. മക്കളുമായി ഇനി എവിടേക്ക് പോകമെന്ന് അറിയില്ലെന്ന് പറയുന്നു അവര്‍.
മഹാരാഷ്ട്ര മന്ത്രി അസ്‍ലം ഷെയ്ഖ് സംഭവസ്ഥലം സന്ദര്‍ശിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16