കോൺഗ്രസിലെ നേതൃത്വപ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ജയറാം രമേശ്
''2014ൽ പാർട്ടി പരിതാപകരമായ നിലയിൽ പരാജയപ്പെട്ടു. 2019ൽ അതിലേറെ ദയനീയമായിരുന്നു പരാജയം. ഇനിയും അധികകാലം ഇതിങ്ങനെ വച്ചുകൊണ്ടുപോകാൻ പറ്റില്ല''
പാർട്ടിയിലെ നേതൃത്വപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്തൊരു പൊതുതെരഞ്ഞെടുപ്പിനു മുൻപായി സമാനമനസ്‌കരെ ചേർത്ത് ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
ഒരു വഴിക്കല്ലെങ്കിൽ മറ്റേതെങ്കിലും വഴിക്ക് പാർട്ടി നേതൃത്വത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇനിയും ദീർഘകാലം ഇതു വച്ചുകൊണ്ടുപോകാൻ പറ്റില്ല. 2014ൽ ഞങ്ങൾ പരിതാപകരമായ നിലയിൽ പരാജയപ്പെട്ടു. 2019ൽ അതിലേറെ ദയനീയമായ നിലയിലും പരാജയപ്പെട്ടു. പാർട്ടിക്കകത്ത് അച്ചടക്കം സൃഷ്ടിക്കേണ്ടതുണ്ട്. അഥവാ, സംഘടനയെയും നേതൃത്വത്തെയും ജനങ്ങളുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം ഒരു ക്രമത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്-അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒരു നേതാവിന്റെ കൈയിലും മാന്ത്രികവടിയില്ല. അതുകൊണ്ട് കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും ജയറാം രമേശ് സൂചിപ്പിച്ചു. പാർട്ടി വിട്ട പ്രമുഖ യുവാക്കളെല്ലാം ജന്മനാ പ്രബലരാണ്. പാർട്ടിയിൽ അവർക്ക് നല്ല സ്ഥാനങ്ങൾ ലഭിച്ചിട്ടുമുണ്ട്. ഓരോ സിന്ധ്യ പാർട്ടി വിടുമ്പോഴും പാർട്ടിക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു യുവാക്കൾ കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16