26ന് രാജ്യവ്യാപക പ്രതിഷേധം: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ
നാല് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരടക്കം 12 കക്ഷിനേതാക്കളാണ് സംയുക്തപ്രസ്താവനയിൽ ഒപ്പുവച്ചത്
കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ആറു മാസം തികയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച ദേശവ്യാപക പ്രതിഷേധ പരിപാടികൾക്ക് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്.
സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ കിസാർ മോർച്ചയുടെ സമരാഹ്വാനത്തെ പിന്തുണച്ചത്. വീരോചിതവും സമാധാനപൂർണവുമായ കർഷക പോരാട്ടം ആറുമാസം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ 26ന് രാജ്യാവ്യാപക പ്രതിഷേധം ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് പിന്തുണ അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. വിവാദ കാർഷിക നയങ്ങൾ പിൻവലിച്ച് ലക്ഷക്കണക്കിനു വരുന്ന രാജ്യത്തിന്റെ അന്നദാതാക്കളെ മഹാമാരിയുടെ ഇരയാകുന്നതിൽനിന്ന് രക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തും നേതാക്കൾ ഓർമിപ്പിച്ചു.
We extend our support to the call given by the Samyukta Kisan Morcha (SKM) to observe a countrywide protest day on May 26, marking the completion of six months of the heroic peaceful Kisan struggle.
— Congress (@INCIndia) May 23, 2021
- Joint Statement by 12 Major Opposition Parties pic.twitter.com/pfIByd3vjI
നാല് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരടക്കം 12 കക്ഷിനേതാക്കളാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എൻസിപി തലവൻ ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി(തൃണമൂൽ), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ(ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ(ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ(ജെഎംഎം), സീതാറാം യെച്ചൂരി(സിപിഎം), മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല(നാഷനൽ കോൺഫറൻസ്), മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്(എസ്പി), തേജസ്വി യാദവ്(ആർജെഡി), ഡി രാജ(സിപിഐ) എന്നിവരാണ് സംയുക്തപ്രസ്താവനയെ പിന്തുണച്ചത്.
വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും കറുത്ത കൊടി കെട്ടി രാജ്യവ്യാപകമായി കറുത്തദിനം ആചരിക്കാനാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധ പരിപാടികൾ.
Adjust Story Font
16