യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്, ക്ഷാമം ഉണ്ടെന്ന് കേന്ദ്രമന്ത്രി
തന്‍റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്.
ഓക്സിജന്‍ ക്ഷാമവും വെന്‍റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്തയും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‍വറിന്‍റെ കത്ത്. തന്‍റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അഭ്യൂഹം പരത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്.
ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന പ്രക്രിയ ലളിതമാക്കണം. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളികളോട് പ്രതികരിക്കുന്നില്ല. ഇത് കോവിഡ് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ജനങ്ങളിൽ നിന്ന് പരാതികളും നിർദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു- ജനങ്ങള്‍ ഉന്നയിച്ച കാര്യങ്ങൾ പ്രസക്തമാണ്. ഇവയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഞാൻ കരുതുന്നു. ഓക്സിജൻ ക്ഷാമം ഒരു താൽക്കാലിക പ്രശ്നമാണെന്ന് തോന്നുന്നു. അത് പരിഹരിക്കപ്പെടും. പക്ഷേ കരിഞ്ചന്ത ഉണ്ടാകരുത്".
യു.പിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും ഓക്സിജന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും യോഗി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയ പലരും അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഉള്‍പ്പെടെ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടുകയുണ്ടായി.
മെഡിക്കല്‍ ഉപകരണങ്ങളുടെ കരിഞ്ചന്തയും പൂഴ്തിവെയ്പ്പും നടക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് സമ്മതിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെയാണ്- "മുഖ്യമന്ത്രി, സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരമായി ആവശ്യമുണ്ട്. എനിക്കെതിരെ കേസെടുക്കുകയും, എന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തോളൂ. പക്ഷേ ദൈവത്തെ ഓര്‍ത്ത് സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കൂ,"
Adjust Story Font
16