അഞ്ച് മാസത്തിനിടെ ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ
വില വന്‍തോതില്‍ വര്‍ധിച്ചതോടെ 135 ജില്ലകളില്‍ ഇന്ധനവില 100 കടന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ. ഈ വര്‍ഷം മാത്രം 10.78 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 11.51 രൂപ കൂടി. വില വന്‍തോതില്‍ വര്‍ധിച്ചതോടെ 135 ജില്ലകളില്‍ ഇന്ധനവില 100 കടന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ നഗരത്തിലും പെട്രോള്‍വില 100 കടന്ന് കുതിക്കുകയാണ്.
ജനുവരിയില്‍ 10 തവണയും ഫെബ്രുവരിയില്‍ 16 തവണയുമാണ് വില കൂട്ടിയത്. പെട്രോളിന് ജനുവരിയില്‍ 2.59 രൂപയും ഫെബ്രുവരിയില്‍ 4.87 രൂപയുമാണ് കൂടിയത്. ഡീസലിന് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ 2.61 രൂപയും ഫെബ്രുവരിയില്‍ 4.87 രൂപയും കൂടി.
അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില കൂട്ടുന്നത് എന്നാണ് പലപ്പോഴും സര്‍ക്കാറും ബി.ജെ.പി നേതാക്കളും പറയുന്ന ന്യായീകരണം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വിലകുറയുമ്പോള്‍ ഇന്ത്യയില്‍ കുറയാറില്ല.
മാത്രമല്ല തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വില വര്‍ധന ഉണ്ടാവാറില്ല. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പതിവുപോലെ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വില വര്‍ധന ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മെയ് മാസത്തില്‍ 16 തവണയാണ് വില വര്‍ധിപ്പിച്ചത്.
Adjust Story Font
16