മോദിജി മാസ് ലീഡര്‍, യു.പി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആ പേര് മതി: എ കെ ശർമ
2013-14ലെന്ന പോലെ ഇപ്പോഴും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മോദിജിയെ സ്നേഹിക്കുന്നു- മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യു.പിയില്‍ ബിജെപിയുടെ പുതിയ ഉപാധ്യക്ഷനുമായ എ കെ ശർമ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2013-14ലെന്ന പോലെ ഇപ്പോഴും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സ്നേഹിക്കുന്നുവെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും യു.പിയില്‍ ബിജെപിയുടെ പുതിയ ഉപാധ്യക്ഷനുമായ എ കെ ശർമ. ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് ജൂൺ 20ന് എഴുതിയ കത്തിൽ ശര്‍മ പറഞ്ഞതിങ്ങനെ-
"എന്‍റെ അഭിപ്രായത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾ മോദിജിയെ 2013-14ലെന്ന പോലെ തന്നെ ഇപ്പോഴും സ്നേഹിക്കുന്നു. വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിൽ ജയിക്കാന്‍ ആ മാസ് ലീഡറുടെ രക്ഷാകര്‍തൃത്വം മതി. അതോടൊപ്പം പാർട്ടി അധ്യക്ഷന്‍റെയും മുതിർന്ന നേതാക്കളുടെയും ആശീര്‍വാദവുമുണ്ട്. സാധ്യമായ എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. ഒപ്പം സഹപ്രവർത്തകരെ പരിശ്രമിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും. താങ്കളുടെയും യോഗി ആദിത്യനാഥിന്‍റെയും നേതൃത്വത്തിന് കീഴില്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തും. "- എ കെ ശർമ വ്യക്തമാക്കി
തന്നെ ബിജെപിയുടെ യു.പിയിലെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും എ കെ ശർമ നന്ദി പറഞ്ഞു. പാർട്ടി അംഗമെന്ന നിലയിൽ രാജ്യതാൽപ്പര്യത്തിനായി പരമാവധി സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നും എ കെ ശർമ കത്തില്‍ പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിലെ തന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും എ പി ശര്‍മ വിശദീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്നും രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നരേന്ദ്ര മോദിയുടെ യാത്രയില്‍ സഹായിയായി താന്‍ കൂടെയുണ്ടായിരുന്നു. മോദിജിയുടെ ദീർഘവും വിജയകരവും സമഗ്രവുമായ വീരകഥയിൽ താനും എളിയ പങ്കാളിയാണ്. ഇങ്ങനെയൊരു അവസരം നല്‍കിയത് അദ്ദേഹത്തിന്‍റെ കൃപയാണെന്നും എ കെ ശര്‍മ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എ കെ ശര്‍മ നരേന്ദ്ര മോദിയുടെ സെക്രട്ടറിയെന്ന നിലയില്‍ വിശ്വസ്തനായത്. ഗുജറാത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ വൈബ്രൻറ് ഗുജറാത്ത് പ്രചാരണം വിജയകരമായി കൈകാര്യം ചെയ്തു. കോവിഡിന് പിന്നാലെ തളര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ കീഴില്‍ പ്രവർത്തിക്കുന്ന നിർണായക വകുപ്പായ എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) മന്ത്രാലയത്തിലത്തിലെ കാര്യങ്ങളും എ കെ ശര്‍മ കൈകാര്യം ചെയ്തിരുന്നു.
Adjust Story Font
16