Quantcast

"കഴിവില്ലാത്ത ഈ സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു": കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്‍റെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    28 April 2021 5:52 AM GMT

കഴിവില്ലാത്ത ഈ സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
X

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. "കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും അതു തുടരും. ഉണരൂ ഇന്ത്യ," എന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.

3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വീഡിയോയിൽ ഒരു മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയാണ് പ്രകാശ് രാജ്.

"ഈ രാജ്യത്തിന്‍റെ തലവനെ കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത്. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം ആദ്യം 100 കോടിയും പിന്നീട് 500 കോടിയും നൽകുന്നു. അതേ വ്യക്തി തന്നെ ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിക്കുന്നു. എത്രത്തോളം വിവേകമില്ലാത്ത നേതാവാണ് നമുക്കുള്ളത്,"- പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു.

പൊങ്ങച്ചക്കാരൻ. അഹംഭാവമുള്ള ബുദ്ധിശൂന്യൻ. അയാൾ ഈ രാജ്യത്തോട് ഇങ്ങനെ ചെയ്യരുത്. തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധികളും നിലനിൽക്കുന്ന ഈ രാജ്യത്തോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. അത് നമ്മുടെ പണമാണ്...ഞങ്ങൾ ഭിക്ഷയാചിക്കുന്നതല്ല. ചോദ്യം ചോദിക്കുക തന്നെ വേണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച് ചെയ്ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും മാധ്യമങ്ങൾ ഇത് പ്രചരിപ്പിക്കണമെന്നും പ്രകാശ് രാജ് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

രാജ്യത്ത് കോവിഡ് സാഹചര്യം ദിനം പ്രതി വഷളാവുകയാണ്. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 15 സംസ്ഥാനങ്ങളിൽ 10,000ലധികം കോവിഡ് കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. ഓക്സിജന്‍ ക്ഷാമമടക്കം വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. ഈ അവസ്ഥയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.

TAGS :

Next Story