പൗരന്മാരുടെ ജീവൻ രക്ഷിക്കുന്നതിലും ശ്രദ്ധ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കാക്കാന്‍; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി വീണ്ടും പ്രിയങ്ക
വൈറസ് വ്യാപന, മരണനിരക്കുകൾ സർക്കാർ മറച്ചുവയ്ക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു
കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലും കൂടുതൽ കേന്ദ്ര സർക്കാരിന് ശ്രദ്ധ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിലാണ്. കേന്ദ്രം കോവിഡ് മരണമടക്കമുള്ള വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
കോവിഡ് വിവരങ്ങൾ പ്രൊപഗണ്ട ആയുധമായാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലും പ്രധാനമാണോ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കൽ? കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാന ആയുധമായ ഈ വിവരങ്ങൾ മഹാമാരിയുടെ തുടക്കം മുതൽ തന്നെ പ്രൊപഗണ്ടാ ഉപകരണമായാണ് സർക്കാർ ഉപയോഗിക്കുന്നത്-പ്രിയങ്ക വിമർശിച്ചു.
സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനായി കോവിഡ് വിവരങ്ങൾ അടിച്ചമർത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തെ വൈറസ് വ്യാപനവും മരണനിരക്കും അത്ര ഭീകരമല്ലെന്നും വേണ്ടത്ര പരിശോധന നടക്കുന്നുണ്ടെന്നും ജനങ്ങളെ വിശ്വസിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, സത്യത്തിൽ നേരെ മറിച്ചാണ് രാജ്യത്ത് നടക്കുന്നത്. ജനങ്ങളുടെ ജീവനെക്കാൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് ഊന്നൽനൽകുന്ന ഈ സമീപനം വൻ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി പറയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Adjust Story Font
16