Quantcast

"പി.ആര്‍ പണി നിര്‍ത്തി വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കൂ"

"പി.ആർ വർക്കുകളിൽ നിന്ന് മാറി, പ്രതിപക്ഷം പറയുന്നതും കേൾക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്"

MediaOne Logo

Web Desk

  • Updated:

    2021-04-21 12:46:33.0

Published:

21 April 2021 12:40 PM GMT

പി.ആര്‍ പണി നിര്‍ത്തി വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കൂ
X

രാജ്യം ഒന്നാകെ കോവിഡ് ഭീഷണി നേരിടുമ്പോഴും കേന്ദ്രസർക്കാർ കാര്യ​ഗൗരവം മനസ്സിലാക്കാതെ തന്നിഷ്ട പ്രകാരം കാര്യങ്ങൾ ചെയ്യുകയണെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. അറിവുള്ളവർ കാര്യങ്ങൾ പറയുമ്പോൾ അത് അവ​ഗണിക്കാതെ വേണ്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പ്രിയങ്ക എ.എൻ.ഐയോട് പറഞ്ഞു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾ പരിഹസിച്ച് തള്ളിയ കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധനെ പ്രിയങ്ക ​ഗാന്ധി വിമർശിക്കുകയും ചെയ്തു.

മുമ്പെങ്ങും കടന്നുപോയിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട നേരമാണിത്. പി.ആർ വർക്കുകളിൽ നിന്ന് മാറി, പ്രതിപക്ഷം പറയുന്നതും കേൾക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. പാക് ചാര സംഘടനയായ ഐ.എസ്.ഐയോട് പോലും സർക്കാർ ചർച്ചക്ക് തയ്യാറാണ്. എന്നാൽ പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചനക്ക് അവർ തയ്യാറാകുന്നില്ലെന്നും പ്രിയങ്ക ​ഗാന്ധി കുറ്റപ്പെടുത്തി.

പത്ത് വർഷത്തെ പ്രവർത്തന പരിചയമുള്ള പ്രധാനമന്ത്രിയാണ് ഡോ. മൻമോഹൻ സിങ്. കോവിഡ് പ്രതിരോധിക്കുന്നതിന് വേണ്ട നടപടികൾ ചൂണ്ടിക്കാട്ടിയപ്പോള്‍, അതിനെ തള്ളിക്കളയുകയാണ് സർക്കാർ ചെയ്തതെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

രണ്ടാം കോവിഡ് തരം​ഗം രൂക്ഷമായതിനെ തുടർന്നാണ് മൻമോഹൻ സിങ്, നിർദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാൽ, മൻമോഹൻ സിങ് പറയുന്നത് അദ്ദേഹത്തിന്റെ പാർട്ടിക്കാർ എങ്കിലും കേട്ടിരുന്നെങ്കിൽ ചരിത്രം അദ്ദേഹത്തോട് ദയ കാണിച്ചേനെ എന്നാണ് ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞത്.

അതിനിടെ, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 2023 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

TAGS :

Next Story