Quantcast

കേന്ദ്രം നിര്‍ദ്ദേശിച്ചു; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച ഗായകന്‍ ജാസി ബിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

മുമ്പും കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട്​ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    8 Jun 2021 10:46 AM GMT

കേന്ദ്രം നിര്‍ദ്ദേശിച്ചു; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച ഗായകന്‍ ജാസി ബിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍
X

കനേഡിയൻ -പഞ്ചാബി ഗായകൻ ജാസ്സി ബിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ് അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തത്. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ രംഗത്തെത്തിയതിനെ തുടർന്നാണ്​ നടപടി.

ജാസ്സി ബിയുടേത് കൂടാതെ മറ്റ് മൂന്ന് അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ രാജ്യത്തിന്​ പുറത്തുള്ള ഐ.പി വിലാസത്തിൽനിന്ന്​ ഇപ്പോഴും ഉപയോഗിക്കാൻ കഴിയും. റദ്ദാക്കിയ നാലു അക്കൗണ്ടുകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ കർഷക പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്​തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'ഞങ്ങൾക്ക്​ സാധുവായ ഒരു നിയമ അഭ്യർഥന ലഭിച്ചതോടെ, പ്രദേശിക നിയമങ്ങളും ട്വിറ്റർ നിയമങ്ങളും കണക്കിലെടുത്ത്​ അവ വിലയിരുത്തി. ഉള്ളടക്കം ട്വിറ്ററിന്‍റെ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ നീക്കം ചെയ്യും. ട്വിറ്ററിന്‍റെ നിയമലംഘനങ്ങൾ അല്ലെങ്കിലും, ഒരു പ്രത്യേക അധികാര പരിധിയിൽ അവ നിയമവിരുദ്ധമാണെന്ന്​ നിർണയിക്കപ്പെട്ടാൽ, ഇന്ത്യയിൽ ആ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം തടയും' -ട്വിറ്ററിന്‍റെ പ്രസ്താവനയിൽ പറയുന്നു.

മുമ്പും കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട്​ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ കിസാൻ ഏക്​ത മോർച്ച്​, ദി കാരവൻ എന്നിവയുടേ​തടക്കം 250 ട്വിറ്റർ അക്കൗണ്ടുകൾ കേന്ദ്രത്തിന്‍റെ നി​ർദേശപ്രകാരം മരവിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ട്വിറ്ററിന്​ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയായിരുന്നു നടപടി.

TAGS :

Next Story