Quantcast

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് ജനതയുടെ ഭാവി ആശങ്കയിലാക്കി: പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

വിഷയത്തില്‍ ഇടപെടണമെന്നും ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നുമാവശ്യപ്പെട്ടാണ് രാഹുലിന്‍റെ കത്ത്.

MediaOne Logo

Web Desk

  • Published:

    27 May 2021 9:07 AM GMT

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് ജനതയുടെ ഭാവി ആശങ്കയിലാക്കി: പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
X

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ലക്ഷദ്വീപ് ജനതയുടെ ഭാവി ആശങ്കയിലാക്കിയെന്നും അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി നയങ്ങള്‍ നടപ്പിലാക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു. ഓരോ ദിനവും പുതുതായി കരാള നിയമങ്ങൾ അടിച്ചേൽപിക്കുകവഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു.

അടുത്തിടെ ലക്ഷദ്വീപ്​ വികസന ​അതോറിറ്റി പ്രഖ്യാപിച്ച കരട്​ നിയമം ദ്വീപിന്‍റെ പാരിസ്​ഥിതിക പവിത്രത നശിപ്പിക്കാനുള്ള അഡ്മിനിസ്​ട്രേറ്ററുടെ ശ്രമമാണ്​ പുറത്തുകൊണ്ടുവരുന്നത്. ഭൂമിയുടെ ഉടമസ്​ഥാവകാശവുമായി ബന്ധപ്പെട്ട്​ നിലവിലെ സുരക്ഷാ വ്യവസ്ഥകൾ ഇല്ലാതാക്കുന്ന നിയമം ചില വിഷയങ്ങൾക്കുവേണ്ടി പരിസ്​ഥിതി നിയമങ്ങളെ കളങ്കപ്പെടുത്തുകയും ഇരകൾക്ക്​ നിയമത്തിന്‍റെ വഴി തേടുന്നത്​ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. താൽക്കാലിക വാണിജ്യ നേട്ടങ്ങൾക്കായി ഉപജീവന സുരക്ഷയും സുസ്​ഥിര വികസനവുമാണ് ഇവിടെ ബലിനല്‍കപ്പെടുന്നതെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടിലേറെ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത്​ നിയമം തീർത്തും ജനാധിപത്യ വിരുദ്ധമാണ്​. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (പി.എ.എ.ആർ), ലക്ഷദ്വീപ്​ മൃഗസംരക്ഷണ നിയമം എന്നിവയിലെ നിർദിഷ്​ട ഭേദഗതികളും ലഹരി വിൽപന നിരോധനം എടുത്തുകളയലും ദ്വീപ്​ വാസികളുടെ സാംസ്​കാരിക, മതപരമായ ചട്ടക്കൂടിനു മേലുള്ള കടന്നുകയറ്റമാണെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ബേപ്പൂർ തുറമുഖവുമായി ബന്ധം വിഛേദിക്കാനുള്ള തീരുമാനം കേരളവുമായി നിലനിൽക്കുന്ന ചരിത്രപരവും സാംസ്​കാരികവുമായ ഇഴയടുപ്പം തകർക്കലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മത്സ്യബന്ധന തൊഴിലാളികൾ ഉപയോഗിച്ചിരുന്ന നിർമിതികൾ അഡ്​മിനിസ്​​ട്രേറ്ററുടെ നിർദേശ പ്രകാരം തകർക്കപ്പെട്ടു. വിവിധ സർക്കാർ വകുപ്പുകളിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. ക്വാറൻറീൻ നിയമങ്ങളിൽ വിട്ടുവീഴ്​ച ചെയ്​ത്​ ദ്വീപിൽ കോവിഡ്​ വ്യാപനത്തിന്​ അപകടകരമായ വേഗം നൽകി. വികസനത്തിന്‍റെയും ക്രമസമാധാന പാലനത്തിന്‍റെയും മറവിൽ, ഏതുതരം പ്രതിഷേധവും കുറ്റകൃത്യമാക്കി കൊണ്ടുവന്ന കരാളമായ നിയമങ്ങൾ താഴെത്തട്ടിലുള്ള ജനാധിപത്യത്തി​ന്‍റെ കടക്കൽ കത്തിവെക്കുന്നുവെന്നും കത്തില്‍ പറയുന്നു. സ്വന്തം ജീവിത ശൈലിയെ മാനിക്കുകയും സ്വപ്​നങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വികസനാധിഷ്​ഠിത കാഴ്​ചപ്പാട്​ ലക്ഷദ്വീപ് ജനത അർഹിക്കുന്നുണ്ടെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.

TAGS :

Next Story