കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുമോ? സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം
കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയതിന്‍റെ രണ്ടാം വാർഷികത്തിനു മുന്നോടിയായാണ് 24ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുപ്രധാന യോഗം നടക്കുന്നത്
കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയ സുപ്രധാന തീരുമാനത്തിന് രണ്ടു വർഷം തികയാനിരിക്കെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം. 24ന് ഡൽഹിയിലാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കശ്മീർ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കൾക്കടക്കം ക്ഷണം ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് സൂചനയുണ്ട്.
എന്താണ് പുതിയ നീക്കത്തിനു പിന്നില്‍?
ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുനു മുന്നോടിയായാണ് പുതിയ നീക്കം നടക്കുന്നതെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് യോഗം.
പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല എന്നിവർക്ക് യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നാളെ പാര്‍ട്ടി നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മെഹബൂബ പ്രതികരിച്ചിരിക്കുന്നത്. ഒൻപതു പാർട്ടികൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടുണ്ട്. 16 കക്ഷിനേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനുശേഷം കടുത്ത രാഷ്ട്രീയ അസ്ഥിരതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനൽകുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവകക്ഷി യോഗമെന്നാണ് വിവരം. ഇതിൽ കശ്മീർ, ജമ്മു മേഖലകളിൽനിന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും.
സുരക്ഷാ സാഹചര്യം വിലയിരുത്തി അമിത് ഷാ
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ തുടങ്ങിയ നേതാക്കളും ചർച്ചയിൽ പങ്കെടുത്തിരുന്നു. ആഭ്യന്തര വകുപ്പ്, ഐബി, സിആർപിഎഫ് പ്രതിനിധികൾകൂടി ഭാഗമായ യോഗം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായാണ് അറിയുന്നത്.
സുപ്രധാന നിയമനിർമാണത്തിന്റെ രണ്ടാം വാർഷികത്തിന്റെ മുന്നോടിയായി കശ്മിരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനായി മറ്റൊരു യോഗവും അമിത് ഷാ വിളിച്ചുചേർത്തിരുന്നു. ജമ്മു കശ്മീർ പൊലീസ് ഡയരക്ടർ ജനറൽ യോഗത്തിൽ കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഒരു മണിക്കൂർ നീണ്ട വിശദമായ അവതരണം നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെങ്കിലും സുരക്ഷാ നടപടികളിൽ അയവുവരുത്തരുതെന്നാണ് ഇദ്ദേഹം ഉന്നതവൃത്തങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Adjust Story Font
16