Quantcast

യുപിയില്‍ നൂറ് വര്‍ഷം പഴക്കമുള്ള പള്ളി അനധികൃതനിര്‍മ്മാണമെന്ന് പറഞ്ഞ് പൊളിച്ചു

പൊളിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പള്ളി പൊളിച്ചത്

MediaOne Logo

Web Desk

  • Published:

    19 May 2021 2:21 AM GMT

യുപിയില്‍ നൂറ് വര്‍ഷം പഴക്കമുള്ള പള്ളി അനധികൃതനിര്‍മ്മാണമെന്ന് പറഞ്ഞ് പൊളിച്ചു
X

ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചത് വിവാദമാകുന്നു. പള്ളി പൊളിക്കരുത് എന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പള്ളി ഇന്നലെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത്.

ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ റാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് പൊളിച്ചത്. മെയ് 31 വരെ പള്ളി പൊളിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇന്നലെ ഈ പള്ളി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഇന്നലെ പൊളിച്ചത്.

മാര്‍ച്ച് 15 നാണ് അനധികൃത നിര്‍മ്മാണമാണ് എന്ന് ചൂണ്ടിക്കാട്ടി പള്ളിക്കമ്മിറ്റിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത്. എന്നാല്‍ കെട്ടിടം അനധികൃതമല്ലെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും പള്ളിക്കമ്മിറ്റിയുടെ കൈവശമുണ്ടായിരുന്നു. എല്ലാ രേഖകളും ജില്ലാ ഭരണകൂടത്തിന്‍റെ മുമ്പാകെ ഹാജരാക്കിയെങ്കിലും അവര്‍ അത് നിരാകരിച്ചു. 1959 മുതല്‍ പള്ളിയിലേക്ക് വൈദ്യുതി കണക്ഷനുണ്ടെന്നതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്.

തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാര്‍ച്ച് 19ന് പള്ളികമ്മിറ്റിയുടെ ഹരജിയില്‍ ജില്ലാ ഭരണകൂടത്തിന് കോടതി നോട്ടീസ് അയച്ചു. പക്ഷേ അധികൃതര്‍ പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ നടത്തികൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറായില്ല.

അതോടെ പള്ളിക്കമ്മറ്റി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 24 ന് പള്ളിക്കമ്മിറ്റിക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. മെയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി. ഇത് ലംഘിച്ചാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.


സര്‍ക്കാര്‍ വക ഭൂമിയില്‍ അജ്ഞാതരായ ആരോ നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണ് പള്ളി എന്നാണ് ജില്ലാഭരണകൂടത്തിന്‍റെ വാദം. തങ്ങള്‍ അന്വേഷത്തിന് വന്നപ്പോള്‍ ഇവിടെ താമസിച്ചിരുന്ന മൂന്നുപേരോട് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചെന്നും ഉടനെ അവര്‍ ഓടിപ്പോയെന്നും അധികൃതര്‍ പറയുന്നു.

കഴിഞ്ഞ 30 വര്‍ഷമായി താനിവിടെയാണ് നമസ്കാരത്തിന് വരാറുള്ളതെന്ന് പറയുന്നു പ്രദേശവാസിയും അഭിഭാഷകനുമായ ഇഖ്ബാല്‍ നസീം നോമാനി ദരിയാബാദി പറയുന്നു. എന്താണ് ഇത്തരമൊരു നടപടിക്ക് ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി മെയ് 31 വരെ സമയം അനുവദിച്ചതെന്നും അതുവരെ പള്ളി പൊളിക്കുകയോ ഒഴിപ്പിക്കുകയോ ചെയ്യരുത് എന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ് എന്നും പറയുന്നു സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി. എന്തായാലും വീണ്ടും കോടതിയെ സമീപിക്കാനാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം. ജില്ലാ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ കടുത്ത അമര്‍ഷമാണ് ഉയരുന്നത്.

TAGS :

Next Story