"ആ 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്‌സിന്‍ വാങ്ങാം": സെന്‍ട്രല്‍ വിസ്തയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി
കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ രൂക്ഷവിമര്‍ശനം.
രാജ്യത്ത് നിലവിലുള്ള കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പദ്ധതിക്ക് ചെലവാക്കുന്ന 20,000 കോടിയുണ്ടെങ്കില്‍ 62 കോടി വാക്സിൻ ഡോസുകൾ ശേഖരിക്കുന്നതിനും ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉപയോഗിക്കാമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു. 20,000 കോടി ഉണ്ടായിരുന്നെങ്കില്‍ 62 കോടി വാക്‌സിന്‍, 22 കോടി റെംഡിസിവര്‍, 3 കോടി 10 ലിറ്റര്‍ ഓക്‌സിജന്‍ സിലിണ്ടര്‍. 1200 ബെഡുകളോടു കൂടി 13 എയിംസ് എന്നിവ രാജ്യത്തിന് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ എന്നായിരുന്നു ട്വീറ്റ്. എന്തിനാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയെന്നും പ്രിയങ്കാ ചോദിച്ചു.
PM's new residence & Central vista cost
— Priyanka Gandhi Vadra (@priyankagandhi) May 10, 2021
= Rs 20,000 cr
= 62 crore vaccine doses
= 22 crore Remdesvir vials
= 3 crore 10 litre oxygen cylinders
= 13 AIIMS with a total of 12,000 beds
WHY?
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ഇതിനുമുമ്പും രംഗത്തെത്തിയിരുന്നു. 13,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വസതി നിർമിക്കുന്നതിനു പകരം, അത് ജനങ്ങളുടെ ജീവൻ രക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.
ക്രിമിനല്‍ പാഴ്‌ച്ചെലവെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിശേഷിപ്പിച്ചത്. ഇന്ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലും ഇതുസംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ കുത്തിവെപ്പ് നൽകുന്നതിനു പകരം വലിയ പദ്ധതിക്കുപുറകേയാണ് സർക്കാറെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്താവന.
അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നിര്‍മ്മാണം 2022 ഡിസംബറോടുകൂടി പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. നേരത്തെ കോവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Adjust Story Font
16