ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ
ട്രെയിനിൽ സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വാർത്ത വ്യാജമാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്ത യാത്രക്കാർക്ക് റെയിൽവേ സംരക്ഷണ സേനയോ മറ്റ് ഉദ്യോഗസ്ഥരോ പിഴ ചുമത്തും. 500 രൂപയാണ് പിഴ. ഇതു സംബന്ധിച്ച സർക്കുലർ ഇന്നാണ് റെയിൽവേ പുറത്തിറക്കിയത്. സർക്കുലർ വന്ന തീയതി മുതൽ ആറ് മാസത്തേക്കാണ് നിയന്ത്രണം.
കോവിഡ് വ്യാപനം നിയന്ത്രിക്കാനായി റെയിൽവേ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ പിഴ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ് പുതിയ നിയന്ത്രണം. ട്രെയിൻ യാത്രയിലുടനീളം മാസ്‌ക് ധരിക്കണമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
അതേസമയം ട്രെയിനിൽ സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വാർത്ത വ്യാജമാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. നിലവിൽ പ്രതിദിനം ശരാശരി 1402 സ്‌പെഷൽ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 5381 സബർബൻ ട്രെയിൻ സർവീസുകളും 830 പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. ഇത് കൂടാതെ 28 ട്രെയിനുകൾ തീർത്ഥാടന ആവശ്യങ്ങൾക്കുമായും സർവീസ് നടത്തി.
Adjust Story Font
16