ഐഡി കാര്‍ഡും തൊപ്പിയും നല്‍കി; കുംഭമേളയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്പെഷ്യല്‍ പോലീസ് പദവി
ആദ്യമായാണ് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു
ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ പദവി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 1553 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ പദവിയുടെ ചുമതല നല്‍കിയത്. നിലവില്‍ 1053 പേരാണ് ഇവിടെ ജോലിയിലുള്ളത്.
ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തൊപ്പി, ജാക്കറ്റ് എന്നിവ വിതരണം ചെയ്തു. മുന്‍ വര്‍ഷങ്ങളിലും കുംഭമേളക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരെ ചുമതലപ്പെടുത്താറുണ്ടെങ്കിലും ആദ്യമായാണ് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു.
ഫിഷ്റ്റുകളായിട്ടാണ് ഇവര്‍ ഡ്യൂട്ടിയില്‍ ഉള്ളത്. പ്രധാനമായും ഹരിദ്വാര്‍ നഗരം, റെയില്‍വേസ്റ്റേഷന്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലാണ് ചുമതല. ഓരോ ലൊക്കേഷനിലും കുറഞ്ഞത് ആറ് വളണ്ടിയര്‍മാരെങ്കിലുമുണ്ടാകും. കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒമ്പത് പ്രമുഖ സന്ന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16