Quantcast

ഇന്ത്യക്കാർ അനാവശ്യമായി കൂട്ടം കൂടുന്നു, ആശുപത്രി കയറിയിറങ്ങുന്നു: ലോകാരോഗ്യ സംഘടന

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    27 April 2021 12:30 PM GMT

ഇന്ത്യക്കാർ അനാവശ്യമായി കൂട്ടം കൂടുന്നു, ആശുപത്രി കയറിയിറങ്ങുന്നു: ലോകാരോഗ്യ സംഘടന
X

ജനങ്ങൾ വലിയ തരത്തിൽ ഒത്തുകൂടുന്നതും അനാവശ്യമായി ആശുപത്രികൾ കയറിയിറങ്ങുന്നതും ഇന്ത്യയിലെ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതായി ലോകാരോ​ഗ്യ സംഘടന. കൂടിയ രോ​ഗവ്യാപനവും, കുറഞ്ഞ വാക്സിനേഷനും കാര്യങ്ങൾ താളംതെറ്റിച്ചതായും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. അതിനിടെ, രാജ്യത്തെ കോവിഡ് മരണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.

കോവിഡ് ബാധിച്ചതിൽ 15 ശതമാനത്തിന് താഴെ മാത്രമാണ് ആശുപത്രിയിൽ പരിചരണം വേണ്ടതുള്ളത്. വീട്ടിൽ തന്നെ ഇരുന്നുള്ള പരിചരണത്തെ കുറിച്ചുള്ള അജ്ഞത, പോസിറ്റീവ് ആകുന്നവരെയെല്ലാം ആശുപത്രിയിലേക്ക് എത്തിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ലോകാരോ​ഗ്യ സംഘടനയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്ക് അടിയന്തര കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി നാലായിരം ഓക്സിജൻ കോൺസൺട്രേറ്ററുകൾ ലഭ്യമാക്കുമെന്ന് ലോകാരോ​ഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് പറഞ്ഞു.

കോവിഡ് ബാധിതർക്ക് വിവരങ്ങൾ ലഭ്യമാക്കാനും തെറ്റിധാരണയകറ്റാനും കമ്മ്യൂണിറ്റി സെന്ററുകൾ ആരംഭിക്കേണ്ടതുണ്ടെന്നും ജസാറെവിക് പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ രണ്ടാം തരം​ഗത്തിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ നിരക്കില്‍ കാര്യമായ വര്‍ധനവില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 14.02 ലക്ഷം സാമ്പിളുകളില്‍ 3.54 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് 1.12 ശതമാനമാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 3.6 ശതമാനമായിരുന്നു. 3,52,991 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95,123 ആയി ഉയര്‍ന്നു.

TAGS :

Next Story