സോനോവാളോ ഹിമാന്ത ശർമയോ? ആരാകും അസം മുഖ്യൻ
2011ൽ എജിപിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നയാളാണ് സോനോവാൾ. 2015ൽ കോൺഗ്രസിൽനിന്ന് കൂടുമാറിയാണ് ഹിമാന്ത ബിശ്വ ശർമ ബിജെപിയിലെത്തുന്നത്
അസമിൽ ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും മുഖ്യമന്ത്രിയെ ഉറപ്പാക്കാൻ ബിജെപി ഏറെ പ്രയാസപ്പെടും. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന് ഒരു ഊഴം കൂടി ലഭിക്കുമോ? വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ ബിജെപി വ്യാപനത്തിന് മുൻകയ്യെടുക്കുന്ന ഹിമാന്ത ബിശ്വ ശർമയെ പാർട്ടി തിരിച്ചുതുണക്കുമോ? വടക്കുകിഴക്കൻ രാഷ്ട്രീയം ശ്രദ്ധിക്കുന്ന രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് ആര് അസമിനെ അടുത്ത അഞ്ചുവർഷം നയിക്കുമെന്ന കാര്യമാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽവയ്ക്കാതെയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ എതിർവികാരങ്ങൾക്കു പുറമെ എഐയുഡിഎഫും ഇടതുപാർട്ടികളുമായി ചേർന്ന് കോൺഗ്രസ് രൂപീകരിച്ച മഹാസഖ്യവും ഇത്തവണ മത്സരം കടുപ്പിക്കുമെന്ന വിചാരത്തിലായിരുന്നു എൻഡിഎക്കുള്ളിലും. ഇതിനിടയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് സോനോവാളിലും ശർമയിലും ഒരാളുടെ അതൃപ്തിക്കിടയാക്കുകയും അത് തെരഞ്ഞെടുപ്പിൽ ക്ഷീണം ചെയ്യുകയും ചെയ്യുമെന്ന് പാർട്ടി കരുതി.
ആൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ(ആസു) അംഗങ്ങളായിരുന്നു സോനോവാളും ശർമയും. 2011ൽ തന്നെ എജിപിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നയാളാണ് സോനോവാൾ. എന്നാൽ, 2015ൽ കോൺഗ്രസിൽനിന്ന് കൂടുമാറിയാണ് ഹിമാന്ത ബിശ്വ ശർമ ബിജെപിയിലെത്തുന്നത്. ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഓപറേഷനുകൾക്കായി രൂപീകരിച്ച നോർത്തീസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ(നെഡ) കൺവീനറാണ് ശർമ. മേഖലയിലെ സംസ്ഥാനങ്ങളിൽ ശർമയുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളാണ് ബിജെപിക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തത്. എന്നാൽ, പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനുശേഷം സംസ്ഥാനത്ത്, പ്രത്യേകിച്ച് അപ്പർ അസമിൽ ഉണ്ടായ ജനകീയ പ്രക്ഷോഭം ശമിപ്പിക്കാൻ നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് സോനോവാൾ.
2016ൽ എൻഡിഎ അധികാരമേൽക്കുമ്പോൾ ശർമയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ, ജാതീയ ഘടകങ്ങൾ അവസാന നിമിഷം സോനാവാളിന് അനുഗ്രഹമാകുകയായിരുന്നു. നിയമവിരുദ്ധമായ കുടിയേറ്റ നിയമങ്ങൾ എടുത്തുകളയാൻ സുപ്രീംകോടതിയിൽ പോരാട്ടം നടത്തിയ വിദ്യാർത്ഥി നേതാവെന്ന നിലയ്ക്കുള്ള പേരും അനുകൂല ഘടകമായി. തുടർന്ന് ആരോഗ്യ, ധന വകുപ്പുകൾ നൽകി ശർമയെ പാർട്ടി ആശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിലുള്ള താൽപര്യം ശർമ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സോനോവാളിന് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ച് ശർമയെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര നിരീക്ഷകർ സംസ്ഥാനത്തെത്തുമെന്നാണ് ബിജെി വൈസ് പ്രസിഡന്റും സംസ്ഥാനത്തിന്റെ ഇൻചാർജുമായ ജെയ് പാണ്ട പറഞ്ഞത്. നിയമസഭാ പാർട്ടി യോഗം നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന പാർട്ടി നേതാവായ ജിതേന്ദ്ര സിങ്ങും പറയുന്നു. ഒടുവിൽ തീരുമാനം വരുമ്പോൾ നറുക്ക് സോനോവാളിനു വീഴുമോ ശർമയെ തുണയ്ക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.
Adjust Story Font
16