കോവിഡ്; പണം പിന്‍വലിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ച് എസ്.ബി.ഐ
കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് മറ്റു ബ്രാഞ്ചുകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5,000 രൂപയിൽനിന്ന് 25,000 രൂപയായും വർദ്ധിപ്പിച്ചു.
ഇതര ബ്രാഞ്ചുകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാനും അനുമതി നൽകി. 50,000 രൂപ വരെയാണ് പരമാവധി ഇത്തരത്തിൽ പിൻവലിക്കാനാവുക. നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിച്ചിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് സൂക്ഷിക്കും. കൊവിഡ് പശ്ചാത്തലത്തിൽ 2021 സെപ്തംബർ 30 വരെയായിരിക്കും ഇളവുകൾ ലഭ്യമാവുക.
Adjust Story Font
16