ലൈംഗീക പീഡനക്കേസിൽ ആൾദൈവത്തിന്‍റെ ഭക്തയും അറസ്റ്റിൽ
ശ്രീകൃഷ്ണന്റെ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച ബാബ വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞാണ് പീഡിപ്പിച്ചിരുന്നത്.
തമിഴ്നാട്ടിൽ ലൈംഗീക പീഡനക്കേസിൽ റിമാൻഡിലായ ആൾദൈവത്തിന്‍റെ ഭക്തയും പോക്സോ കേസിൽ അറസ്റ്റിൽ. ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ(72)യുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സുഷ്മിത(32)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസസ്ഥലത്ത് എത്തിച്ചത് സുഷ്മിതയാണെന്നാണ് സി.ബി.സി.ഐ.ഡി പൊലീസിന്‍റെ കണ്ടെത്തൽ. കൂടുതൽ ചോദ്യംചെയ്യലിനായി ബാബയെ പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് ചെങ്കൽപ്പട്ട് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു.
സ്കൂൾ പൂർവ വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്ന് ബുധനാഴ്ച ഡൽഹിയിൽവെച്ചാണ് ബാബ അറസ്റ്റിലായത്. പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയിന്റെ ഭാഗമായി ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമൂഹമാധ്യമങ്ങളിൽ പീഡന വിവരം പങ്കുവെച്ചിരുന്നു. ശ്രീകൃഷ്ണന്റെ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച ബാബ വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞാണ് പീഡിപ്പിച്ചിരുന്നത്.
Adjust Story Font
16