ഡല്‍ഹിയില്‍ കോവിഡ് കുറഞ്ഞു, പക്ഷേ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരം
കോവിഡ് മുക്തരായിട്ടും പലര്‍ക്കും ആഴ്ചകളോളം ഓക്സിജന്‍ സഹായം ആവശ്യമായി വരുന്നു
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും രോഗത്തിനെതിരായ പോരാട്ടം അവസാനിക്കുന്നില്ല. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്.
ആദ്യ തരംഗത്തിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ ഗുരുതരമാണ് രോഗലക്ഷണങ്ങൾ. കോവിഡ് മുക്തരായിട്ടും പലര്‍ക്കും ആഴ്ചകളോളം ഓക്സിജന്‍ സഹായം ആവശ്യമായി വരുന്നു. കഴിഞ്ഞ വർഷം ഏറ്റവും സാധാരണമായി കണ്ടുവരുന്ന ലക്ഷണം ക്ഷീണമായിരുന്നു. ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷം ചിലര്‍ക്ക് കഠിനമായ പനി ഉള്‍പ്പെടെ ഉണ്ടാകുന്നു.
സാകേത്തിലെ മാക്സ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് നംഗിയ പറയുന്നതിങ്ങനെ- "ഞങ്ങളുടെ ഒ.പികളിൽ 70-80 ശതമാനവും കോവിഡാനന്തര പ്രശ്നങ്ങളുള്ള രോഗികളാല്‍ നിറഞ്ഞിരിക്കുന്നു. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ശ്വാസകോശ ഫൈബ്രോസിസ് കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കളിലും കുട്ടികളിലും വരെ ഇത് കാണുന്നു. ഡിസ്ചാർജ് ചെയ്തതിനുശേഷവും ഓക്സിജൻ സഹായം ആവശ്യമുള്ള രോഗികളുടെ എണ്ണവും കൂടുന്നു. ഇവരെ ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കി വീടുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്".
അപ്പോളോ ആശുപത്രിയിലെ ഇന്‍റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. സുരഞ്ജിത് ചാറ്റർജിക്ക് പറയാനുള്ളത് ഇതാണ്- "കോവിഡ് മുക്തി നേടി മൂന്നാമത്തെയും നാലാമത്തെയും ആഴ്ചയില്‍ കഠിനമായ പനി ബാധിക്കുന്നതായി കണ്ടുവരുന്നുണ്ട്. ആദ്യ തരംഗത്തിലും പനി ഉണ്ടായിരുന്നു. പക്ഷേ ഇത്ര തീവ്രമായിരുന്നില്ല. ബ്ലാക്ക് ഫംഗസ് കൂടാതെ ശ്വാസകോശത്തിലെ ഫംഗസ് അണുബാധകളും ബാക്ടീരിയല്‍ അണുബാധകളും കാണുന്നുണ്ട്. ആദ്യത്തെ തരംഗത്തേക്കാൾ കൂടുതലാണ് രണ്ടാം തരംഗത്തിലെ അണുബാധകൾ. 80 ശതമാനം പേരും ചികിത്സ തേടുന്നത് കോവിഡാനന്തര പ്രശ്നങ്ങളുമായാണ്. ചിലരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവരുന്നു"
ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ തീവ്രപരിചരണ വിഭാഗത്തിന്റെ അഡീഷണൽ ഡയറക്ടർ ഡോ. രജത് അഗർവാൾ പറയുന്നത് ആ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ 3-4 രോഗികൾ ദിവസവും വിവിധ കോവിഡാനന്തര പ്രശ്നങ്ങളുമായി വരുന്നുണ്ടെന്നാണ്. ചിലരെ വെന്‍റിലേറ്ററിലേക്ക് മാറ്റേണ്ടിവരുന്നു. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 500ല്‍ എത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ രോഗം വിളിച്ചു.
Adjust Story Font
16