സ്പുട്നിക് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ
കോവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യ വാക്സിനായ സ്പുട്നിക് - 5 ഈ മാസം പതിനഞ്ചു മുതൽ ഡൽഹിയിൽ ലഭ്യമാകും. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്സിൻ ലഭ്യമാകുക. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിർണയ നിരക്ക് പ്രകാരം സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക്കിന്‍റെ ഒരു ഡോസിന് 1,145 രൂപ വില നിശ്ചയിച്ചിട്ടുണ്ട്.
90 ശതമാനത്തിലേറെയാണ് സ്പുട്നിക്കിന്റെ ഫലക്ഷമത. മോഡേണ, ഫൈസർ വാക്സിനുകൾക്കും 90 ശതമാനത്തിലേറെ ഫലക്ഷമതയുണ്ട്. അപ്പോളോ ഹോസ്പിറ്റലും ഡോ. റെഡ്ഡീസ് ലബോറട്ടറിയും സ്പുട്‌നിക് വാക്സിന്‍റെ ആദ്യ ഘട്ട വിതരണം മേയ് 17ന് ഹൈദരാബാദും മേയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു. അപ്പോളോ ഹോസ്പിറ്റലുകൾക്ക് പുറമേ ഹൈദരാബാദിലെ കോണ്ടിനെന്‍റൽ ഹോസ്പിറ്റലുകളിലും വാക്സിൻ ലഭ്യമാണ്.
സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിർമാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് ശിൽപ ബയോളജിക്കൽസിന്‍റെ തീരുമാനം. മേയ് 14ന് സ്പുട്നിക് വാക്സിന്‍റെ വിതരണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. വാക്സിന്‍റെ വാണിജ്യപരമായ വിതരണം ജൂണിൽ ആരംഭിക്കാനാണ് തീരുമാനം.
Adjust Story Font
16