Quantcast

ഫെഡറൽ ബാധ്യതകൾ നിറവേറ്റാൻ ഒപ്പമുണ്ടാകും; അധികാരമേറ്റെടുക്കും മുൻപ് അമിത് ഷായോട് നിലപാട് പ്രഖ്യാപിച്ച് സ്റ്റാലിൻ

തെരഞ്ഞെടുപ്പ് വിജയത്തിന് അനുമോദനമറിയിച്ച ട്വീറ്റിന് മറുപടിയായാണ് സ്റ്റാലിന്റെ നിലപാട് പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    3 May 2021 10:06 AM GMT

ഫെഡറൽ ബാധ്യതകൾ നിറവേറ്റാൻ ഒപ്പമുണ്ടാകും; അധികാരമേറ്റെടുക്കും മുൻപ് അമിത് ഷായോട് നിലപാട് പ്രഖ്യാപിച്ച് സ്റ്റാലിൻ
X

തമിഴ്‌നാട്ടിൽ അധികാരമേറ്റെടുക്കും മുൻപ് തന്നെ അമിത് ഷായ്ക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശം കൈമാറി ഡിഎംകെ തലവൻ എംകെ സ്റ്റാലിൻ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കാൻ കൂടെയുണ്ടാകുമെന്നാണ് അമിത് ഷായുടെ അനുമോദനത്തിനു മറുപടിയായി സ്റ്റാലിൻ അറിയിച്ചിരിക്കുന്നത്.

തിളക്കമേറിയ വിജയത്തിനു പിറകെ ട്വിറ്ററിൽ അഭിനന്ദമറിയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഫെഡറൽ സംവിധാനത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയായിരുന്നു എംകെ സ്റ്റാലിൻ. തമിഴ്‌നാടിന്റെ ഭരണമേറ്റെടുക്കാനിരിക്കുന്ന ഡിഎംകെ സർക്കാരിന്റെ കൃത്യമായ രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്നതാണ് സ്റ്റാലിന്റെ ടിറ്റർ മറുപടി.

സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാളിന്റെ മമതാ ബാനർജി എന്നിവരെ ടാഗ് ചെയ്താണ് അമിത് ഷാ അനുമോദനങ്ങൾ അറിയിച്ചത്. ഇതോടൊപ്പം, ജനക്ഷേമത്തിനായി സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിനൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അമിത് ഷാ കുറിച്ചിരുന്നു. എന്നാൽ, ഈ വാചകം മാറ്റിയെഴുതിയായിരുന്നു സ്റ്റാലിന്റെ മറുപടി. നമ്മുടെ ഫെഡറൽ ബാധ്യതകൾ നിറവേറ്റുന്നതിനും ജനങ്ങളുടെ താൽപര്യങ്ങൾ മുന്നോട്ടുകൊണുപോകുന്നതിനും 'യൂണിയൻ' ഭരണകൂടത്തിനൊപ്പം തമിഴ്‌നാടുണ്ടാകുമെന്നായിരുന്നു സ്റ്റാലിൻ പ്രതികരിച്ചത്.

രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന തരത്തിലുള്ള മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി മുന്നിലുണ്ടായിരുന്നയാളാണ് സ്റ്റാലിൻ. ഒരു രാഷ്ട്രം-ഒരു ഭാഷ, ഒരു രാഷ്ട്രം-ഒരു റേഷൻ കാർഡ് അടക്കമുള്ള അമിത് ഷായുടെ സ്വപ്‌ന പദ്ധതികളെയെല്ലാം സ്റ്റാലിൻ രൂക്ഷമായി വിമർശിക്കുകയും കേന്ദ്രത്തിന് തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകേണ്ടി വരികയും ചെയ്തിട്ടുണ്ട്.

TAGS :

Next Story